മലപ്പുറം: ജില്ലയിലെ ആദിവാസികൾക്കായി സംസ്ഥാന സർക്കാർ നടപ്പാക്കിയ സഞ്ചരിക്കുന്ന റേഷൻ കട പദ്ധതിക്ക് കൂടുതൽ കാര്യക്ഷത വേണമെന്ന ആവശ്യത്തിന് പഴക്കമേറെ. സംസ്ഥാന ഭക്ഷ്യവിതരണ വകുപ്പിന്റെ കണക്ക് പ്രകാരം ജില്ലയിലെ ഏഴ് ഊരുകളിലാണ് പദ്ധതിപ്രവർത്തനം ഉള്ളത്. എന്നാൽ, പല ഊരുകളിലും പദ്ധതി കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നില്ലെന്നാണ് പരാതിയുള്ളത്. ഊരുകളിൽനിന്ന് റേഷൻ കടകളിലെത്തി റേഷൻ വിഹിതം കൈപ്പറ്റാൻ സാധിക്കാത്ത ആദിവാസികൾക്കായാണ് സംസ്ഥാന സർക്കാർ സഞ്ചരിക്കുന്ന റേഷൻകട പദ്ധതി നടപ്പാക്കിയത്. നിലമ്പൂർ താലൂക്കിലാണിത് നടപ്പിൽ വരുത്തിയത്. കരുളായി പഞ്ചായത്തിലെ നെടുങ്കയം ഊരിലാണ് ഏറ്റവും കൂടുതൽ റേഷൻ കാർഡ് ഉടമകളുള്ളത്-70 പേർ. ഏറ്റവും കുറവുള്ളത് ഏറനാട് നിയോജക മണ്ഡലത്തിലെ ചാലിയാർ പഞ്ചായത്തിലെ അമ്പുമല ഊരിൽ -18 പേർ.
നിലമ്പൂർ താലൂക്കിലെ മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം ഊരിൽ പദ്ധതി നിർജീവാവസ്ഥയിലാണ്. റേഷൻ സാധനങ്ങൾക്കായി ഊരുവിട്ടിറങ്ങി വരേണ്ട അവസ്ഥയിലാണിവർ. മഴക്കാലത്ത് മാത്രമാണ് ഊരിലേക്ക് റേഷൻ വിഹിതം എത്തിച്ചു കൊടുക്കുന്നത്.
വഴിക്കടവ് പഞ്ചായത്തിലെ അളക്കൽ കോളനിക്കാർക്ക് റേഷൻ വിഹിതത്തിന് 15 കി.മീ. താണ്ടി പൂവത്തിപ്പൊയിലിലെ റേഷൻ കടയിലെത്തണം. പുഞ്ചക്കൊലി ഊരുവാസികൾക്ക് ഇങ്ങോട്ടെത്താൻ നാലര കി.മീറ്ററും താണ്ടണം.
അതേസമയം, മാഞ്ചീരി, മുണ്ടക്കടവ് ഊരിലേക്ക് എല്ലാ ബുധനാഴ്ചയും റേഷൻ എത്തിച്ചു കൊടുക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു. സംസ്ഥാന സർക്കാറിന്റെ കണക്കുപ്രകാരം ആകെ 320 കാർഡുടമകളാണ് നിലമ്പൂർ താലൂക്കിൽ പദ്ധതിക്ക് കീഴിലുള്ളത്. എന്നാൽ, എല്ലാവർക്കും കൃത്യമായി റേഷൻ വിഹിതം ലഭ്യമാക്കാൻ പലപ്പോഴും സാധിക്കുന്നില്ലെന്ന പരാതി ഏറെയാണ്. കാടിറങ്ങി വരാൻ കഴിയാത്ത കാർഡുടമകൾക്ക് പലപ്പോഴും റേഷൻ വിഹിതം നഷ്ടമാകാറുണ്ട്. വിഷയം അധികാരികളോട് പലതവണ ഊരുവാസികൾ ശ്രദ്ധയിൽപെടുത്താറുണ്ടെങ്കിലും പരിഹാരമില്ല. അതേസമയം റേഷൻ കാർഡ് ഇല്ലാത്ത ആദിവാസി കുടുംബങ്ങളും ഈ ഉരുകളിലുണ്ട്. കാർഡ് അനുവദിക്കാൻ ഇവർക്ക് ഇളവുകളുണ്ടെങ്കിലും പാലിക്കപ്പെടാറില്ലെന്ന ആക്ഷേപം ശക്തമാണ്.
നിയോജക മണ്ഡലം, ഗ്രാമപഞ്ചായത്ത്, ഊരിന്റെ പേര്, ആകെ കാർഡുകൾ എന്ന ക്രമത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.