തിരൂരങ്ങാടി: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത അപ്രതീക്ഷിത മഴയിൽ തിരൂരങ്ങാടി മേഖലയിലെ വെഞ്ചാലി, ചെറുമുക്ക്, പള്ളിക്കത്താഴം, വെന്നിയൂർ, കപ്രാട്, കളിയാട്ടമുക്ക്, തലപ്പാറ, മുട്ടിച്ചിറ, ഉള്ളണം തുടങ്ങിയ ഭാഗങ്ങളിൽ ഏക്കറുകണക്കിന് വയലുകൾ വെള്ളത്തിൽ മൂടി. നെൽകൃഷിക്കായി ഞാറ് നട്ട് ദിവസങ്ങൾ മാത്രമായ വയലുകളാണ് പലയിടങ്ങളിലും മൂടിപ്പോയത്. ഞാറ് തയാറാക്കുന്ന വയലുകളും വെള്ളത്തിൽ മൂടിപ്പോയി. മൂന്നിയൂർ, നന്നമ്പ്ര, തിരൂരങ്ങാടി, എ.ആർ നഗർ കൃഷി ഓഫിസുകൾക്ക് കീഴിൽ ഏക്കർകണക്കിന് വയലുകളിലെ പച്ചക്കറി, മരച്ചീനി, വാഴ തുടങ്ങിയ കൃഷികളും വെള്ളത്തിലായിട്ടുണ്ട്.
വെഞ്ചലി, ചെറുമുക്ക്, നന്നമ്പ്ര എന്നിവിടങ്ങളിൽ തലാപ്പില്‍ സലാം, മാലിഖ് കുന്നത്തേരി, അരീക്കാട്ട് മരക്കാരുട്ടി, ഇബ്റാഹീം കുറുപ്പകനത്ത്, അബ്ദുറഹീം കാരാടന്‍, കൊളക്കാടന്‍ സൈതലവി, ഉസ്മാന് പൂക്കയില്‍ തുടങ്ങി നിരവധി കർഷകരുടെ കൃഷിയിടങ്ങളാണ് മൂടിയിരിക്കുന്നത്. മൂന്നിയൂർ, തലപ്പാറ, മുട്ടിച്ചിറ, കളിയാട്ടമുക്ക് തുടങ്ങിയ ഭാഗങ്ങളിൽ അന്തംവീട്ടിൽ ഹരിദാസൻ, ഒടാട്ട് സന്തോഷ്, സി.കെ. രാജീവ്, കാളങ്ങാടൻ യാഹു, ശ്രീനിവാസൻ, വി.പി. ദാസൻ, സി.പി. ഖാദർ, അന്തംവീട്ടിൽ അപ്പുക്കുട്ടൻ, സി.പി. സൈതലവി, ബി. രാജൻ, അലവി തുടങ്ങിയവരുടെ കൃഷിയിടങ്ങളാണ് വെള്ളത്തിലായിരിക്കുന്നത്.
മൂന്നിയൂർ മണ്ണട്ടംപാറ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. കീരനല്ലൂർ പാറയിൽ തടയുടെ ഷട്ടറുകൾ ബുധനാഴ്ച രാവിലെയോടെ പൂർണമായും തുഢറക്കുന്നതിനും മൈനർ ഇറിഗേഷൻ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ദേശീയപാതയുടെ നവീകരണം നടക്കുന്ന വെന്നിയൂർ ഭാഗങ്ങളിൽനിന്ന് കപ്രാട് ഭാഗത്തെ വയലികളിലേക്ക് വെള്ളം വൻതോതിൽ ഒഴുകിയെത്തുന്നത് കൃഷിയിടങ്ങളിൽ ദുരിതമാകുന്നതായി പരാതി ഉയർന്നിട്ടുണ്ട്. അതുപോലെതന്നെ ചെറുമുക്കിലെ പാടശേഖരത്തിൽ ഉണ്ടായ വെള്ളം അടിയന്തരമായി ഒഴിഞ്ഞു പോകുന്നതിന് പാറയിൽ കെട്ട്, ഓൾഡ് കട്ട് തുടങ്ങിയ തടയണകൾ തുറന്നാൽ ഒരു പരിധിവരെ പ്രയാസം നീങ്ങുമെന്ന് കർഷകർ അഭിപ്രായപ്പെട്ടു.
പരപ്പനങ്ങാടി: കനത്ത മഴ കർഷകരെ കുഴക്കി. മഴയിൽ 15ാം ഡിവിഷൻ നെടുവ വില്ലേജിലെ മധുരംകാട്, ചെറുമണ്ണിൽ, മുങ്ങാത്തംകുണ്ടിൽ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം കയറി മുങ്ങാത്തംകുണ്ടിൽ സുബ്രഹ്മണ്യൻ, ചെറുമണ്ണിൽ രാമൻ, കൊഴുകുമ്മൽ സുബ്രഹ്മണ്യൻ, പുന്നക്കലൊടി ചന്ദ്രൻ, മുങ്ങാത്തംതറയിൽ സുബ്രഹ്മണ്യൻ, ചക്കുങ്ങൽ വിശ്വനാഥൻ, കളത്തിങ്ങൽ ഉണ്ണികൃഷ്ണൻ, ആലുങ്ങൽ വേലായുധൻ, കവുങ്ങുംതോട്ടത്തിൽ ഇബ്രാഹിം, മുങ്ങാത്തംകുണ്ടിൽ വിജയൻ, ചെറുമണ്ണിൽ സുബ്രഹ്മണ്യൻ, ചക്കുങ്ങൽ തെയ്യുട്ടി, മംഗലശ്ശേരി രതീഷ് തുടങ്ങി കർഷകരുടെ നിരവധി വാഴകളും കയ്പ, വഴുതന, പയർ, പടവലം, ചിരങ്ങ, വെണ്ട തുടങ്ങിയ പച്ചക്കറി കൃഷികളുമാണ് വെള്ളത്തിലായത്. വലിയ നാശനഷ്ടമാണുണ്ടായിട്ടുള്ളതെന്നും കടം വാങ്ങിയും സ്വർണം പണയം വെച്ചുമെല്ലാം കൃഷി ചെയ്ത വിളകളാണ് നശിച്ചതെന്നും കർഷകർ പറഞ്ഞു.
ചേലേമ്പ്ര: കനത്ത മഴയില്‍ ചേലേമ്പ്ര കൊളക്കാട്ടുചാലിയിൽ ഏക്കര്‍ കണക്കിന് നെല്‍കൃഷി വെള്ളത്തില്‍ മുങ്ങി. കാർഷിക വായ്പയെടുത്ത് ഇറക്കിയ കൃഷിയാണ് പ്രതീക്ഷിക്കാതെ എത്തിയ മഴയിൽ നശിച്ചത്.
പെരുണ്ണീരിപാടം പാടശേഖര സമിതിയില്‍ അംഗങ്ങളായ പ്രസിഡന്റ് അഡ്വ. സി.ഇ. മൊയ്തീന്‍കുട്ടി, സെക്രട്ടറി സുരേഷ് ബാബു, വിജയാനന്ദവല്ലി, ഏറുകാട്ടില്‍ ബിഫാത്തിമ, ഏറുകാട്ടില്‍ ആയിഷ, ഇ.ഐ. കോയ, മുണ്ടക്കാടന്‍ കൃഷ്ണന് എന്നിവരുടെ നെല്‍കൃഷിയാണ് വെള്ളത്തില്‍ മുങ്ങി നശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.