എടക്കര: പൊലീസ് ചമഞ്ഞ് വ്യാപാരിയില്‍നിന്ന് നാല് ലക്ഷം രൂപ തട്ടിയ കേസില്‍ യുവാവ് അറസ്റ്റിൽ. താമരശ്ശേരി മാങ്ങാട് ഉണ്ണിക്കുളം കൂട്ടാക്കില നിഷാജിനെയാണ് (28) എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്. എടക്കര സ്വദേശിയായ വ്യാപാരിയുടെ പരാതിയിലാണ് അറസ്റ്റ്.
വ്യാപാരിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രതി തന്റെ മാതാവിന്റെ ചികിത്സക്കെന്ന വ്യാജേന 2022 ജനുവരി മുതല്‍ പല തവണകളായി ഒരു ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. വ്യാപാരി നിഷാജിന്റെ മാതാവിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും നിഷാജ് പറഞ്ഞതനുസരിച്ച് കോഴിക്കോട് പുന്നൂർ കൈതപ്പൊയിലിൽ എത്തുകയും ചെയ്തു.
എന്നാല്‍, മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് നിഷാജ് മുങ്ങുകയായിരുന്നു. തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കിയ വ്യാപാരി ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തു. പിന്നീട് പ്രതി മറ്റൊരു ഫോണില്‍നിന്ന് സൈബര്‍ സെല്‍ എസ്.ഐ ആണെന്ന് പറഞ്ഞ് വിളിച്ചു.
വ്യാപാരി പണം നല്‍കിയത് മയക്കുമരുന്ന് വില്പനക്കാരനാണെന്നും കൂട്ടുപ്രതിയാക്കുമെന്നും ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷം രൂപകൂടി തട്ടിയെടുത്തു. ഇതേതുടര്‍ന്ന് വ്യാപാരി കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
അന്വേഷണത്തില്‍ പ്രതി വയനാട് ലക്കിടിയിലെ ഫ്ലാറ്റില്‍ താമസിച്ചുവരുകയാണെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ശനിയാഴ്ച ഇയാളെ പൊലീസ് തന്ത്രപൂര്‍വം എടക്കരയിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ സമാന രീതിയില്‍ മലപ്പുറം, വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ തട്ടിപ്പ് നടത്തിയതായി വ്യക്തമായിട്ടുണ്ട്.
പാലക്കാട് നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ മോഷണക്കേസിലും കോഴിക്കോട് ബാലുശ്ശേരി സ്റ്റേഷനില്‍ സ്ത്രീപീഡന കേസിലും എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ പോക്സോ കേസിലും ഇയാൾ പ്രതിയാണ്.
നിലമ്പൂര്‍ ഡിവൈ.എസ്.പി സജു കെ. എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ എടക്കര ഇന്‍സ്പെക്ടര്‍ എന്‍.ബി. ഷൈജു, എസ്.ഐ കെ. അബൂബക്കര്‍, എ.എസ്.ഐ അബ്ദുൽ മുജിബ്, സീനിയര്‍ സി.പി.ഒ രതീഷ്, സി.പി.ഒമാരായ സാബിര്‍ അലി, ഇ. അനീഷ്, സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.