എടക്കര: പോത്തുകല്‍ പനങ്കയത്ത് പട്ടാപ്പകല്‍ വീട് തുറന്ന് മോഷണം. ആളില്ലാതിരുന്ന വീട്ടില്‍നിന്ന് 13 പവനോളം സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. പനങ്കയം ക്ഷേത്രത്തിന് സമീപത്തെ താമസക്കാരനായ താളിത്തൊടിക താജുദ്ദീന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
പ്രളയ ദുരിത ബാധിതര്‍ക്കായി തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മിച്ച് നല്കിയ ഒമ്പത് വീടുകളിലൊന്നിലാണ് താജുദ്ദീന് താമസിക്കുന്നത്. മാതാവും സഹോദരിയുമാണ് ഇയാള്‍ക്കൊപ്പം ഈ വീട്ടില്‍ കഴിയുന്നത്. താജുദ്ദീന് രാവിലെ ഏഴിന് വീടിന്റെ 200 മീറ്റര്‍ അകലെ മാത്രമുള്ള ചിക്കന്‍ സ്റ്റാളില്‍ ജോലിക്ക് പോയി. മാതാവും സഹോദരിയും വീട്ടിലുണ്ടായിരുന്നില്ല. ഉച്ചക്ക് ഒന്നരക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് താജുദ്ദീന് മോഷണ വിവരം അറിയുന്നത്. വീട് താക്കോലിട്ട് തുറന്ന് അകത്ത് കടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 13 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു.
വീടിനുള്ളില്‍ നിറയെ മുളക്പൊടി വിതറുകയും ചെയ്തിരുന്നു. വീടിന് മുമ്പിലെ ചെടിച്ചട്ടിയുടെ അടിയിലാണ് വീടിന്റെ താക്കോല്‍ സൂക്ഷിച്ചിരുന്നത്.
വീടിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ അറിയുന്ന ആളാണ് മോഷണം നടത്തിയതെന്ന് കരുതുന്നു. പോത്തുകല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മലപ്പുറത്ത് നിന്ന് ഡോഗ് സ്ക്വാഡ് എത്തിയെങ്കിലും മുളക്പൊടി വിതറിയതിനാല്‍ പരിശോധന നടത്താനാകാതെ മടങ്ങി. പട്ടാപ്പകല്‍ വീട് തുറന്ന് നടത്തിയ മോഷണം പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.