എടക്കര: 66കാരിയുടെ മൃതദേഹം മറവ് ചെയ്ത ശേഷം അവർ കോവിഡ് പോസിറ്റിവായിരുന്നെന്ന് ആരോഗ്യവകുപ്പ് അറിയിച്ചതിനെതിരെ നിയമ നടപടിക്കൊരുങ്ങി ബന്ധുക്കള്‍. ഉപ്പട താന്നിമൂല സ്വദേശിനിയാണ് ബുധനാഴ്ച രാവിലെ ഒമ്പതിന് നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ മരിച്ചത്. ആൻറിജന്‍ പരിശോധനയില്‍ നെഗറ്റിവായതിനെത്തുടര്ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വീട്ടിലെത്തിച്ച് വൈകീട്ട് അഞ്ചോടെ മറവ് ചെയ്തു. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ച സ്ത്രീക്ക് കോവിഡ് പോസിറ്റിവായിരുന്നെന്ന് ബന്ധുക്കളെ അറിയിച്ചത്. സംസ്കാര ചടങ്ങില്‍ പങ്കെടുത്തവർ ക്വാറൻറീനില്‍ പോകണമെന്ന് നിര്‍ദേശവും നല്കി. നെഗറ്റിവാണെന്ന് പറഞ്ഞതിനാല്‍ ബന്ധുക്കളും നാട്ടുകാരും അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഇവരെല്ലാവരും ആശങ്കയിലായിരിക്കുകയാണ്.
കഴിഞ്ഞ 14നാണ് പ്രമേഹ രോഗവും ശ്വാസകോശ സംബന്ധ അസ്വസ്ഥതകളുമായി ഇവരെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിചരിച്ച മകളെയും മരുമകളെയും വ്യാഴാഴ്ച ആൻറിജന്‍ പരിശോധനക്ക് വിധേയരാക്കി. മരുമകൾക്ക് പോസിറ്റിവാണെന്ന് വ്യക്തമായി.
സംഭവത്തിെൻറ നിജസ്ഥിതി അറിയാന്‍ മാധ്യമപ്രവര്‍ത്തകര്‍ ആരോഗ്യ വകുപ്പ് ജീവനക്കാരുമായി ബന്ധപ്പെട്ടെങ്കിലും പലരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫായിരുന്നു. ജില്ല കലക്ടര്‍ക്കും പൊലീസിനും ബന്ധുക്കള്‍ വെള്ളിയാഴ്ച പരാതി നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.