എടക്കര (മലപ്പുറം): എടക്കരയില്‍ ഓടുന്ന സ്കൂട്ടറിന് പിന്നിൽ വളർത്തുനായെ മൂന്നുകിലോമീറ്ററോളം കെട്ടിവലിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. എടക്കര കരുനെച്ചി സ്വദേശി സേവ്യറിനെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. പെരിങ്കുളം മുതൽ മുസ്ലിയാരങ്ങാടി വരെയാണ് നായെ നടുറോഡിലൂടെ കെട്ടിവലിച്ച് കൊണ്ടുപോയത്.
സേവ്യറും ഇയാളുടെ മകനുമാണ് സ്കൂട്ടറിൽ ഉണ്ടായിരുന്നതത്രെ. പിന്നിൽ നിന്ന് ആളുകൾ വിളിച്ചെങ്കിലും ഇവര്‍ നിർത്തിയില്ല. ഒടുവിൽ, ഉമ്മർ വളപ്പിൽ എന്ന പൊതുപ്രവർത്തകൻ ഇവരെ പിന്തുടർന്ന് സ്കൂട്ടർ നിർത്തിക്കുകയായിരുന്നു. തുടർന്ന് സേവ്യറും മകനും ഉമ്മറിനോടു തട്ടിക്കയറിയെങ്കിലും ആളുകള്‍ തടിച്ചുകൂടി ബഹളംവെച്ചതോടെ നായുടെ കെട്ടഴിച്ചുവിട്ടു.
നായ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. കെ.എൽ. 11. എ.ഡബ്ല്യു 5684 സ്കൂട്ടറിലാണ് നായെ കെട്ടിവലിച്ചത്. വീട്ടിലെ ചെരിപ്പും മറ്റും കടിച്ചു നശിപ്പിക്കുന്നതിനാലാണ് ഈ ക്രൂരത ചെയ്തതെന്ന് സേവ്യർ പൊലീസിനോട് പറഞ്ഞു.
മുന്‍പ് എറണാകുളത്തും സമാനമായ സംഭവം അരങ്ങേറിയിരുന്നു. ഓടുന്ന കാറിന് പിറകിലാണ് അന്ന് നായെ കെട്ടിവലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.