എടക്കര: ആദിവാസികളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാനായി നടപ്പാക്കിയ പദ്ധതി നോക്കുകുത്തിയായി. മൂത്തേടം ഗ്രാമപഞ്ചായത്തിലെ തീക്കടി പട്ടികവര്‍ഗ കോളനിയില്‍ ഐ.ടി.ഡി.പിയുടെ കോര്‍പസ് ഫണ്ടായ 17.25 ലക്ഷം രൂപ ഉപയോഗിച്ച് കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ പദ്ധതിയാണ് ആദിവാസികള്‍ക്ക് പ്രയോജനമില്ലാതെ കിടക്കുന്നത്. പടുക്ക വനമേഖയിലെ തീക്കടി കോളനിയില്‍ 29 ആദിവാസി കുടുംബങ്ങളാണുള്ളത്. രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് ഇവര്‍ നേരിടുന്നത്. ഇതിനൊരു പരിഹാരമെന്ന നിലക്കാണ് ഐ.ടി.ഡി.പി കോര്‍പസ് ഫണ്ട് ഉപയോഗിച്ച് കോളനിയില്‍ കുടിവെള്ള പദ്ധതി നടപ്പാക്കിയത്. കഴിഞ്ഞ ജൂണോടെയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. മോട്ടോര്‍ സ്ഥാപിച്ച 11 റിങ്ങുള്ള കിണറിന്റെ സമീപത്താണ് ജലസംഭരണിയും പണിതിട്ടുള്ളത്.
എന്നാല്‍, ഈ വര്‍ഷം വേനല്‍ ആരംഭത്തില്‍ തന്നെ കിണര്‍ വറ്റി. കോളനിക്ക് സമീപം കൃഷി ചെയ്യുന്നയാള്‍ ആഴ്ചയില്‍ കനിഞ്ഞ് നല്കുന്ന വെള്ളമാണ് ഇവരുടെ ഏക ആശ്രയം. കുളിക്കാനും അലക്കാനും നൂറ് രൂപ മുടക്കി ഓട്ടോ വിളിച്ച് പുഴയിലേക്ക് പോവണം. ആദിവാസികള്‍ക്കായി നടപ്പാക്കിയ പദ്ധതി ഒരു വര്‍ഷം ആവും മുമ്പേ ഉപയോഗ ശൂന്യമായതിനെ തുടര്‍ന്ന് കോളനിയിലെ സ്ത്രീകളടക്കം പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
ഗുണഭോക്താക്കളായ ആദിവാസികള്‍ക്ക് യാതൊരു പ്രയോജനവും കിണര്‍ കൊണ്ട് ലഭിച്ചിട്ടില്ലെന്ന് കാണിച്ച് ജില്ല കലക്ടര്‍ അടക്കമുള്ളവര്‍ക്ക് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്. കോളനിയില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ ജില്ല കലക്ടറുടെ അനുമതിക്കായി കത്ത് നല്‍കിയതായും പഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.