എടക്കര: ജനങ്ങളെ ഭീതിയിലാഴ്ത്തി വിലസുന്ന കാട്ടാനകളെ നിരീക്ഷിക്കാന്‍ ഡ്രോണ്‍ എത്തിച്ച് വനം വകുപ്പ്. നിലമ്പൂര്‍ വനം റേഞ്ചിലെ കാഞ്ഞിരപ്പുഴ സ്റ്റേഷന് പരിധിയില്‍ വെള്ളിമുറ്റം ഏറമ്പാടത്താണ് ബുധനാഴ്ച തിരച്ചില്‍ ആരംഭിച്ചത്.
ഏതാനും ദിവസങ്ങളായി കാഞ്ഞിരപ്പുഴ സ്റ്റേഷന് പരിധിയിലെ മുണ്ടപ്പാടം, കുറുമ്പലങ്ങോട്, കോലോംപാടം, വെള്ളിമുറ്റം എന്നിവിടങ്ങളിലായി ആറ് ആനകള്‍ പകല്‍പോലും ജനവാസ കേന്ദ്രങ്ങളിലിറങ്ങി ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു. ഇതിലുള്‍പ്പെട്ട ചുള്ളിക്കൊമ്പനാണ് വെള്ളിമുറ്റം ഏറമ്പാടത്ത് എത്തിയതെന്നാണ് വനം ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ ആന കഴിഞ്ഞ ദിവസം ചാത്തംമുണ്ട ടൗണിലും എത്തിയിരുന്നു.
കാട്ടാനകള്‍ ജനങ്ങള്‍ക്ക് ഭീഷണിയായ സാഹചര്യത്തിലാണ് ഇവയെ കണ്ടെത്തി ഉൾക്കാട്ടിലേക്കയക്കാന് വനം വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. വെള്ളിമുറ്റം, കൊടീരി വനമേഖലയില്‍ പ്രവേശിച്ച ആനകളെ നിരീക്ഷിക്കാന്‍ മൂന്നുനാല് സംഘങ്ങളായി വനപാലകര്‍ രാവിലെ മുതല്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് അരീക്കോട് പൊലീസ് ക്യാമ്പില്‍നിന്ന് ഡ്രോണ്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ മേഖലയില്‍ പെയ്ത മഴ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തിന് തടസ്സമായി. ഇതോടെ ബുധനാഴ്ചത്തെ തിരച്ചില്‍ നിര്‍ത്തിവച്ചു. വ്യാഴാഴ്ച വീണ്ടും നിരീക്ഷണം നടത്താനാണ് വനം വകുപ്പ് തീരുമാനം. ഈ ചുള്ളിക്കൊമ്പന് അപകടകാരിയല്ലെന്നാണ് വനം അധികൃതര്‍ പറയുന്നത്.
ആന കക്കുഴി വനമേഖലയിലേക്ക് നീങ്ങിയതായി സംശയിക്കുന്നുണ്ട്. നിലമ്പൂര്‍ പ്രബേഷണല്‍ റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പി.ടി. മുബഷിറിന്റെ നേതൃത്വത്തിലാണ് ആനകള്‍ക്കായി നിരീക്ഷണം നടത്തുന്നത്. വിവരമറിഞ്ഞ് പി.വി അന്‍വര്‍ എം.എല്‍.എ സ്ഥലത്തെത്തിയിരുന്നു. ബുധനാഴ്ച രാവിലെ പി.വി. അന്‍വര്‍ എം.എല്‍.എ സ്ഥലത്ത് എത്തിയിരുന്നു.
തുടർന്നാണ് നാട്ടുകാരുടെ ആവശ്യപ്രകാരം പൊലീസിന്റെയും പഞ്ചായത്തിന്റെയും സഹായത്തോടെ ഡ്രോണ്‍ പറപ്പിക്കല് നടത്തിയത്. പോത്തുകല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജന്‍, കാഞ്ഞിരപ്പുഴ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ. ഗിരീശന്, അരീക്കോട് പൊലീസ് ക്യാമ്പിലെ രഞ്ജിത്, മനു, നിതിന്‍, സി.പി.ഒ അര്ജുന്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാര്‍, വാച്ചര്‍മാര്‍, നാട്ടുകാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.