എടക്കര: പുതുതായി നിർമിച്ച ഓടക്ക് സ്ലാബില്ലാത്തത് അപകടക്കെണിയാകുന്നു. എടക്കര-കരുളായി മലയോര ഹൈവേയും മരംവെട്ടിച്ചാൽ-കാരപ്പുറം റോഡും ചേരുന്ന മരംവെട്ടിച്ചാൽ ജങ്ഷനിലാണ് ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും ഒരുപോലെ ഭീഷണിയായി ഓട മൂടാതെ കിടക്കുന്നത്. മലയോര പാതയുടെ ഭാഗമായാണ് ഓട നിർമിച്ചത്. ജങ്ഷനിൽ കാരപ്പുറം റോഡിലേക്ക് നീട്ടി നിർമിച്ച പത്ത് മീറ്ററിലധികം വരുന്ന ഭാഗത്താണ് മൂടിയില്ലാത്തത്.
മൂത്തേടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, താളിപ്പാടം എ.യു.പി സ്കൂൾ, മൂത്തേടം ഫാത്തിമ കോളജ് എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ബസ് കാത്ത് നിൽക്കുന്നത് ഇവിടെയാണ്. മൂടിയില്ലാതെ കിടക്കുന്ന െഡ്രയിനേജിന് ഒരാൾ താഴ്ചയുണ്ട്. കഴിഞ്ഞ ദിവസം മകൾക്കും പേരക്കുട്ടിക്കുമൊപ്പം ബസിൽ വന്നിറങ്ങിയ മരംവെട്ടിച്ചാൽ സ്വദേശിനിയായ വീട്ടമ്മക്ക് െഡ്രയിനേജിൽ വീണ് കാലിന് പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ ഇവർക്ക് ഒരു മാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
യാത്രക്കാർക്കായി ബസ് ഷെൽട്ടറോ കാത്തു നിൽക്കാനുള്ള സൗകര്യമോ ഇല്ലാത്ത ഇവിടെ ഒരു വശത്ത് ട്രാൻസ്ഫോർമറുമാണ്. ഓടക്ക് മൂടി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് അധികൃതർക്ക് നിവേദനം നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. ജീവഹാനി വരെ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ അടിയന്തരപ്രാധാന്യത്തോടെ ഇടപെട്ട് െഡ്രയിനേജിന് സ്ലാബ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.