എടക്കര: ജനവാസ കേന്ദ്രത്തോട് ചേര്‍ന്ന വനാതിര്‍ത്തിയില്‍ കാട്ടാനകളുടെ സ്ഥിരസാന്നിധ്യം പ്രദേശവാസികളെ ഭീതിയിലാക്കുന്നു. കരിയംമുരിയം വനാതിര്‍ത്തി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ്. കരിയംമുരിയം വനത്തോട് ചേര്‍ന്ന് അറനാടംപാടം ചങ്ങലക്ക് സമീപം തീക്കടി ഭാഗത്ത് എത്തുന്ന കാട്ടാനകള്‍ പ്രദേശത്തെ താമസക്കാരുടെ സൈര്വജീവിതം താറുമാറാക്കിയിരിക്കുകയാണ്.
കസേര കൊമ്പന് എന്ന് നാട്ടുകാര്‍ വിളിക്കുന്ന ആക്രമണകാരിയായ കൊമ്പനും മറ്റൊരു മോഴയാനയുമാണ് സ്ഥിരമായി വനാതിര്ത്തിയിലുണ്ടാകുക. സന്ധ്യകഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ കഴിയാതെ കാട്ടാനകളെ പേടിച്ച് വീടുകള്‍ക്കുള്ളില്‍ ഒതുങ്ങുകയാണ് പ്രദേശവാസികളിപ്പോള്‍. വനാതിര്‍ത്തിയിലുള്ള ഫെന്‍സിങ് ലൈനിന് സമീപമെത്തുന്ന ആനകള്‍ മരങ്ങള്‍ വലിച്ചിട്ട് ലൈന്‍ തകര്‍ത്ത് പുറത്ത് എത്താന്‍ സാധ്യത കൂടുതലാണെന്ന് ആളുകള്‍ പറയുന്നു.
മോഴയാന പൊതുവെ നിരുപദ്രവകാരിയാണെങ്കിലും കസേര കൊമ്പന് മനുഷ്യഗന്ധം പിന്തുടര്ന്ന് എത്തുന്നതാണ് ഇപ്പോള്‍ നാട്ടുകാരില്‍ ഭീതി സൃഷ്ടിക്കുന്നത്. ശനിയാഴ്ച രാവിലെ മുതല്‍ കൊമ്പന് വനാതിര്‍ത്തിയില്‍ കുട്ടികള്‍ കളിക്കുന്ന ഗ്രൗണ്ടില്‍ നിലയുറപ്പിച്ചിരുന്നു. ചിന്നം വിളിച്ച് കുട്ടികള്‍ക്ക് പിന്നാലെ കൂടാന്‍ കൊമ്പന് ശ്രമിച്ചതായും പ്രദേശവാസികള്‍ പറയുന്നു. വനാതിര്ത്തിയില്പോലും തെരുവുവിളക്ക് സ്ഥാപിക്കാത്തതിനാല്‍ സന്ധ്യയാകുന്നതോടെ പ്രദേശമാകെ ഇരുട്ടിലാകും.
പ്രദേശത്ത് അടിയന്തരമായി തെരുവ് വിളക്കുകള്‍ സ്ഥാപിക്കണമെന്നും നിലവിലെ മൂന്ന് ലൈനുള്ള വേലി അഞ്ച് ലൈനാക്കി ഉയര്‍ത്തണമെന്നും ജനവാസ കേന്ദ്രത്തോട് ചേര്‍ന്ന് നിലയുറപ്പിച്ച കാട്ടാനകളെ ഉള്‍കാട്ടിലേക്ക് തുരത്താന്‍ നടപടിവേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
വാഴകൃഷി നശിപ്പിച്ചു
കരുവാരകുണ്ട്: ജനവാസ കേന്ദ്രത്തിന് സമീപത്തെ റബർ തോട്ടത്തിലിറങ്ങിയ ആനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. തുരുമ്പോടയിലെ ആരോഗ്യ ഉപകേന്ദ്രത്തിന് പിറകുവശത്തെ തോരപ്പ അബ്ദുൽ റസാഖിെൻറ റബർ തോട്ടത്തിലാണ് ശനിയാഴ്ച പുലർച്ച ആനകളിറങ്ങിയത്. രണ്ടേക്കർ കൃഷിയിടത്തിലെ കുലച്ച 200ഓളം വാഴകൾ, 20ലേറെ റബർ തൈകൾ എന്നിവയാണ് നശിപ്പിച്ചത്. കേരള റബർ എസ്റ്റേറ്റ് വഴിയാണ് ആനകൾ ഈ ഭാഗത്തെത്തുന്നത്. സി.ടി എസ്റ്റേറ്റ്-ചേരി റോഡിന് സമീപമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.