എടക്കര: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിര്‍വഹണത്തില്‍ ജനാധിപത്യവിരുദ്ധമായും സുതാര്യതയില്ലാതെയും പ്രവര്‍ത്തിച്ചതിന് പോത്തുകല്‍ ഗ്രാമപഞ്ചായത്തിന് തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്റെ താക്കീതും പിഴയും. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന് (മലപ്പുറം) സി. അബ്ദുൽ റഷീദാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പഞ്ചായത്തിലെ കൊടീരി എസ്.സി കോളനി റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചശേഷം അനധികൃതമായി സ്കില്‍ഡ് മസ്റ്റര്‍ റോള്‍ അനുവദിച്ച് കൂലി ഇനത്തില്‍ ചെലവഴിച്ച 70,434 രൂപ ഒമ്പത് ശതമാനം പലിശ സഹിതം ക്രമക്കേടിന് കാരണക്കാരായവരില്‍നിന്ന് 30 ദിവസത്തിനകം ഈടാക്കി സര്‍ക്കാര്‍ ഫണ്ടിലേക്ക് വരവുവെക്കാനാണ് ഓംബുഡ്സ്മാന്റെ ഉത്തരവ്.
പഞ്ചായത്തിലെ കൊടീരി എസ്.സി കോളനി റോഡിനും ഇരുട്ടുകുത്തി-വാണിയംപുഴ റോഡിനും 2021-22 വര്‍ഷത്തെ ആക്ഷന്‍ പ്ലാനില്‍ അഞ്ച് ലക്ഷം രൂപ വീതമാണ് വകയിരുത്തിയത്. എന്നാല്‍, കൊടീരി റോഡിന് 42,37,828 രൂപയുടെയും വാണിയംപുഴ റോഡിന് 59,48,773 രൂപയുടെയും എസ്റ്റിമേറ്റ് തയാറാക്കി പ്രവൃത്തി പൂര്‍ത്തീകരിച്ചു. പുതുക്കിയ ആക്ഷന്‍ പ്ലാനിന് ഗ്രാമപഞ്ചായത്തിന്റെയും നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ല പഞ്ചായത്തിന്റെയും അംഗീകാരം തേടിയിരുന്നില്ല.
ഇക്കാര്യത്തില്‍ ത്രിതല പഞ്ചായത്തുകളുടെ അംഗീകാരം തേടി വിവരം ഓംബുഡ്മാന്റെ ഓഫിസില്‍ അറിയിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്കി. പോത്തുകല്‍ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങളുടെ പരാതിയിലാണ് ഓംബുഡ്സ്മാന് അന്വേഷണം നടത്തി ഉത്തരവ് പുറപ്പെടുവിച്ചത്. മേല്പദ്ധതികളില് ക്രമക്കേട് നടന്നുവെന്നും പുതുക്കിയ ആക്ഷന്‍ പ്ലാന്‍ ഭരണസമിതി യോഗത്തില്‍ അവതരിപ്പിക്കാതെയും അംഗീകാരം നേടാതെയുമാണ് നടപ്പാക്കിയതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ പരാതി. ഓംബുഡ്സ്മാന് ഗ്രാമപഞ്ചായത്തില്‍ നേരിട്ടെത്തി രേഖകള്‍ പരിശോധിക്കുകയും ഉദ്യോഗസ്ഥരില്‍നിന്നും ജനപ്രതിനിധികളില്‍നിന്നും തെളിവെടുപ്പ് നടത്തുകയും ചെയ്ത ശേഷമാണ് നടപടി.
തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ നിലനില്‍ക്കുന്ന ഗ്രാമപഞ്ചായത്താണ് പോത്തുകല്ലെന്നും ഓംബുഡ്സ്മാന്റെ ഉത്തവില്‍ പരാമര്‍ശമുണ്ട്. ഇതിനുപുറമെ പഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതികളില്‍ ബി.ഡി.ഒയുടെ ഇടപെടല്‍ ജനാധിപത്യവിരുദ്ധമാണെന്നും ജനാധിപത്യ സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തങ്ങളുടെ പരിമിതികള്‍ തിരിച്ചറിയണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. പ്രതിപക്ഷ അംഗങ്ങള്‍ അവരുടെ ചുമതലകളില്‍ വീഴ്ചവരുത്തിയതായി കണ്ടെത്തി അവരെ ഓംബുഡ്സ്മാന് ശാസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.