എടക്കര: കോവിഡ് കാലത്ത് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യാതെ നശിപ്പിച്ചെന്ന് ആരോപിച്ച് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചുങ്കത്തറ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നില്‍ ഉപരോധ സമരം സംഘടിപ്പിച്ചു. രാവിലെ 11ഓടെയാണ് സംഭവം. തിങ്കളാഴ്ച രാവിലെയാണ് ഗ്രാമപഞ്ചായത്തംഗങ്ങളുടെ വിശ്രമമുറിയിൽ അരി, കടല, പയര്‍, ഉപ്പ് തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗശൂന്യമായ നിലയില്‍ കിടക്കുന്നത് സി.പി.എം പ്രവര്‍ത്തകര്‍ കണ്ടത്.
കഴിഞ്ഞ ദിവസം നിലമ്പൂരില്‍ വിതരണത്തിനെത്തിയ ഭക്ഷ്യവസ്തുക്കള്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ചുങ്കത്തറ ഗ്രാമപഞ്ചായത്തിലും അവശ്യവസ്തുക്കള്‍ നശിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ മുദ്രാവാക്യം വിളികളുമായി ഉപരോധസമരമാരംഭിക്കുകയായിരുന്നു. വിവരമറിഞ്ഞ് എടക്കര എസ്.ഐമാരായ കെ. രാംദാസ്, അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. പ്രവര്‍ത്തകര്‍ ചുങ്കത്തറ ടൗണില്‍ പ്രകടനവും നടത്തി. സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം സി. അര്‍ഷാദ്, ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി ശിഹാബ്, സി.ഐ.ടി.യു പഞ്ചായത്ത് സെക്രട്ടറി നിസാര്‍ എന്നിവര്‍ നേതൃത്വം നല്കി.
എടക്കര: കോവിഡ് കാലത്ത് അതിഥി തൊഴിലാളികള്‍ക്ക് വിതരണം ചെയ്ത ശേഷം ബാക്കിവന്ന ഭക്ഷ്യവസ്തുക്കളാണ് നശിച്ചതെന്ന് ചുങ്കത്തറ ഗ്രാമപഞ്ചായത്ത് അധികൃതര്‍.
കേന്ദ്രസര്‍ക്കാര്‍ പഞ്ചായത്തിന് അനുവദിച്ചതില്‍നിന്ന് വിതരണം ചെയ്ത ശേഷം ബാക്കി വന്നതാണെന്നും സിവില്‍ സപ്ലൈസ് അധികൃതര്‍ തിരിച്ചെടുക്കുമെന്ന നിര്‍ദേശത്തെ തുടർന്ന് സൂക്ഷിച്ചുവെച്ചതാണെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി യു. സബിദ പറഞ്ഞു. കോവിഡ് പശ്ചാതലത്തില്‍ അതിഥി തൊഴിലാളികള്‍ അധികവും അവരുടെ സ്വദേശത്തേക്ക് പോയ ശേഷമാണ് ഭക്ഷ്യവസ്തുക്കള്‍ പഞ്ചായത്തുകളില്‍ ലഭിച്ചത്.
ആയിരം കിലോഗ്രാം അരിയും 200 കിലോഗ്രാം കടലയുമാണ് ചുങ്കത്തറ പഞ്ചായത്തിന് ലഭിച്ചത്. ഇതില്‍ 150 കിലോഗ്രാം അരിയും 30 കിലോ കടലയും അതിഥി തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു. അവശേഷിച്ചവയില്‍ മലപ്പുറം ഡി.ഡി.പിയുടെ ഉത്തരവ് പ്രകാരം 700 കിലോ അരിയും 140 കിലോ കടലയും മമ്പാട് ഗ്രാമപഞ്ചായത്തിന് കൈമാറി. ബാക്കിവന്ന 150 കിലോ അരിയും 30 കിലോ കടലയുമാണ് നശിച്ചതെന്ന് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.