ദമ്പതികള്‍ ചികിത്സക്ക് നല്‍കിയ താലിമാല പെരുന്നാള്‍സമ്മാനമായി തിരികെ നല്‍കി വിദേശ മലയാളി

എടക്കര: നിർധന യുവാവിന്‍റെ ചികിത്സ സഹായത്തിന് നല്‍കിയ താലിമാല ദമ്പതികള്‍ക്ക് പെരുന്നാള്‍ സമ്മാനമായി തിരികെ നല്‍കി മനുഷ്യസ്നേഹത്തിന്‍റെ ആള്‍രൂപങ്ങള്‍. പ്രണയത്തിലൂടെ ജീവിതവഴിയിൽ ഒരുമിച്ച പോത്തുകല്‍ പൂളപ്പാടം പട്ടീരി സച്ചിന്‍ കുമാർ-ഭവ്യ ദമ്പതികളാണ് തങ്ങൾക്ക് ലഭിച്ച താലിമാല കഴിഞ്ഞ ദിവസം വൃക്കരോഗിയുടെ ചികിത്സ ഫണ്ടിലേക്ക് സംഭാവന നൽകിയത്. ഈ താലിമാലയാണ് ചികിത്സ കമ്മിറ്റിയില്‍നിന്ന് വില നല്‍കി വാങ്ങി വെളുമ്പിയംപാടം സ്വദേശി പെരുന്നാള്‍ സമ്മാനമായി നല്‍കിയത്.

പല പ്രണയ ചരിത്രങ്ങളും വഴിമാറുന്ന അനുഭവ സാക്ഷ്യത്തിലൂടെ ഒന്നിച്ച സച്ചിൻ -ഭവ്യ ദമ്പതികളെ ഞെട്ടിച്ചിരിക്കുകയാണ് പോത്തുകൽ വെളുമ്പിയംപാടത്തെ പള്ളത്ത് കുടുംബം. അര്‍ബുദ ബാധിതയായിരുന്ന ഭവ്യക്ക് നാടൊന്നിച്ച്, ഒരേ മനസ്സോടെ ആവശ്യമായ ചികിത്സ സഹായങ്ങള്‍ നല്‍കിയിരുന്നു. ഭവ്യയുടെ അസുഖം ഭേദപ്പെട്ടുവരുകയാണ്. ഇതിനിടെയാണ് നിർധന യുവാവിന്‍റെ ചികിത്സക്കായി നാട്ടുകാര്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. വിവരമറിഞ്ഞ സച്ചിനും ഭവ്യയും ഒരു സങ്കോചവുമില്ലാതെ ഭവ്യയുടെ താലിമാല ചികിത്സ സഹായത്തിലേക്ക് നല്‍കി.

എന്നാല്‍, സച്ചിനെയും ഭവ്യയെയും അമ്പരപ്പിച്ചുകൊണ്ട് അതേ താലിമാല ചികിത്സ കമ്മിറ്റിയില്‍നിന്ന് വിലകൊടുത്ത് വാങ്ങി തിരിച്ച് നല്‍കിയിരിക്കുകയാണ് വെളുമ്പിയംപാടത്തെ അബൂട്ടിയെന്ന വിദേശ മലയാളി. പെരുന്നാള്‍ ദിവസം രാവിലെ അബൂട്ടി വിദേശത്തുനിന്ന് സച്ചിനെ ഫോണില്‍ വിളിച്ച് വെളുമ്പിയംപാടത്തെ തറവാട്ടുവീട്ടില്‍ എത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

പെരുന്നാളല്ലേ, ഭവ്യയെയും കൂട്ടി വീട്ടില്‍ പോയി പായസമൊക്കെ കുടിച്ച് പോരാം മറക്കാതെ പോകണം, കുറച്ച് കഴിയുമ്പോള്‍ ജ്യേഷ്ഠന്‍ വിളിക്കും എന്ന് അബൂട്ടി പറഞ്ഞു. പറഞ്ഞ് തീരും മുമ്പ് അബൂട്ടിയുടെ ജ്യേഷ്ഠന്‍റെയും വിളി വന്നു. നാട്ടിലെ പെരുന്നാള്‍ സല്‍ക്കാരങ്ങള്‍ കഴിഞ്ഞ സച്ചിനും ഭവ്യയും അബൂട്ടിയുടെ വീട്ടില്‍ ഉച്ചക്ക് ശേഷമെത്തി. പായസംകുടിച്ച് സ്നേഹ സംഭാഷണങ്ങള്‍ കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോള്‍ അബൂട്ടിയുടെ കുടുംബം സര്‍പ്രൈസ് ഉണ്ടെന്ന് പറഞ്ഞ് ബോക്‌സില്‍നിന്ന് ഒരു സ്വര്‍ണമാല സച്ചിനും ഭവ്യക്കും നേരെ നീട്ടി. ഇത് നിങ്ങള്‍ക്കുള്ളതാണ്, ഇത് വാങ്ങിക്കണം എന്ന് കുടുംബമൊന്നാകെ അവരോടാവശ്യപ്പെട്ടു. മാല വാങ്ങിയ ഭവ്യയും സച്ചിനും ആകെ തരിച്ചുനിന്നു. കുറച്ച് ദിവസം മുമ്പ് നിറമനസ്സോടെ ഭവ്യ നിര്‍ധന യുവാവിന് വേണ്ടി ഊരി നല്‍കിയ അതേ താലിമാലയായിരുന്നു അത്. മനുഷ്യസ്നേഹത്തിന് മുന്നില്‍ തലകുനിച്ച് സച്ചിനും ഭവ്യയും കണ്ണീരണിഞ്ഞു.

Tags:    
News Summary - Foreign keralite returns Gold chain given by couple for treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.