എടക്കര: പ്രസവവേദനയെ തുടര്‍ന്ന് അവശയായ ആദിവാസിയുവതിക്ക് തുണയായി വനപാലകര്‍. മുണ്ടേരി ഉള്‍വനത്തിലെ കുമ്പളപ്പാറ കോളനിയിലെ സുജാതക്കാണ് (30) വനപാലകരുടെ സഹായമെത്തിയത്.
വ്യാഴാഴ്ച രാവിലെ 6.30ഓടെയാണ് സുജാതക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഉടന്‍ ഭര്‍ത്താവ് കുമാരന് വാണിയംപുഴ ഫോറസ്റ്റ് ഓഫിസിലെ ജീവനക്കാരെ വിവരമറിയിച്ചു.
ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ അനൂപ് ഡി. ജോണ്‍, അമല്‍ വിജയന്, കെ. മുഹമ്മദ് യാസിര്‍ എന്നിവര്‍ വനംവകുപ്പ് ജീപ്പില്‍ കോളനിയിലെത്തി സുജാതയെ ഇരുട്ടുകുത്തിയിലെത്തിച്ചു. തുടര്‍ന്ന് മുളകൊണ്ട് കെട്ടിയുണ്ടാക്കിയ പാണ്ടിയില്‍ 7.30ഓടെ ചാലിയാര്‍ പുഴയുടെ മറുകരയിലെത്തിച്ചു.
ഒരുമണിക്കൂര്‍ കാത്തുനിന്നശേഷമാണ് ആരോഗ്യവകുപ്പ് ജീവനക്കാരും പട്ടികവര്‍ഗ വികസനവകുപ്പ് അധികൃതരും ആംബുലന്‍സുമായി ചാലിയാറിെൻറ മറുകരയിലെത്തിയത്. നിലമ്പൂര്‍ ജില്ല ആശുപത്രിയിലെത്തിച്ച സുജാത പെണ്‍കുഞ്ഞിന് ജന്മംനൽകി. സുജാതയുടെ നാലാമത്തെ പ്രസവമാണിത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
2019ലെ പ്രളയത്തില്‍ തകര്‍ന്ന കുമ്പളപ്പാറയിലേക്കുള്ള വനപാത കഴിഞ്ഞ ദിവസങ്ങളില്‍ വനംവകുപ്പ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് സഞ്ചാരയോഗ്യമാക്കിയിരുന്നു. ബുധനാഴ്ചയുണ്ടായ മഴയില്‍ റോഡിെൻറ പല ഭാഗങ്ങളും ഒലിച്ചുപോയങ്കിലും പ്രതിസന്ധികള്‍ നേരിട്ട് വനംജീവനക്കാര്‍ യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കുമ്പളപ്പാറ ക്യാമ്പ് ഷെഡ് വരെ നിര്‍മാണം പൂര്‍ത്തിയായ വനപാത ആദിവാസികള്‍ക്ക് ഇപ്പോള്‍ അനുഗ്രഹമായി മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.