എടക്കര: ബാങ്ക് മാനേജര്‍ ചമഞ്ഞ് തട്ടിപ്പ് പതിവാക്കിയ യുവാവ് എടക്കര പൊലീസിന്റെ പിടിയില്‍. എറണാകുളം ഇടപ്പള്ളി വി.ടി.സി മാളിയേക്കല്‍ റോഡിൽ അമൃതം ഗൗരി കിഷോര്‍ ശങ്കറാണ് (39) പിടിയിലായത്. കഴിഞ്ഞ 27ന് ചുങ്കത്തറയിലെ മൊബൈല്‍ ഷോപ്പുടമയില്നിന്ന് മൂന്ന് മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
ചെന്നൈയിലേക്കുള്ള ട്രെയിന്‍ യാത്രയിൽ താന്‍ കനറ ബാങ്ക് മാനേജറാണെന്നും തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് പോവുകയാണെന്നും പറഞ്ഞ് പരിചയപ്പെട്ട പ്രതി പിന്നീട് ചുങ്കത്തറയിലെ കടയിലെത്തി മൊബൈല്‍ ഫോണുകള്‍ വാങ്ങി പണം നൽകാതെ മുങ്ങുകയായിരുന്നു. ഇതിന് പുറമെ വലിയ വായ്പ തരപ്പെടുത്താമെന്ന് പറഞ്ഞ് പ്രോസസിങ് ചാര്‍ജിലേക്കായി തുക ആവശ്യപ്പെടുകയും ചെയ്തു.
എടക്കര പൊലീസും പ്രത്യേക അന്വേഷണ സംഘവും മൊബൈല്‍ ഫോൺ കടയിലെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോള്‍ പ്രതിയുടെ ചിത്രങ്ങള്‍ ലഭിച്ചു. ഇയാള്‍ മഞ്ചേരി ടൗണിലെ മൊബൈല്‍ ഷോപ്പിലും എത്തിയതായി വിവരം ലഭിച്ചതോടെ മഞ്ചേരി പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തു.
2021ല്‍ തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ സമാന കേസില്‍ ഇയാള്‍ ജാമ്യത്തിലിറങ്ങിയതാണ്. വിവിധ ബാങ്കുകളുടെ എ.ടി.എം കാര്‍ഡുകള്‍, വിസിറ്റിങ് കാര്‍ഡുകള്‍, ലോണ്‍ അപേക്ഷ ഫോറങ്ങള്‍ എന്നിവ പ്രതിയില്‍നിന്ന് കണ്ടെടുത്തു. എപ്പോഴും തീര്‍ഥാടക വേഷമാണ് ധരിക്കാറുള്ളത്. പെരിന്തല്‍മണ്ണയില്‍ റൂമെടുത്തായിരുന്നു താമസം.
പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി. എടക്കര ഇന്‍സ്പെക്ടര്‍ എസ്. അനീഷ്, എസ്.ഐമാരായ റോബര്‍ട്ട്, ശിവകുമാര്‍, സ്പെഷല്‍ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ എം. അസൈനാര്‍, സീനിയര്‍ സി.പി.ഒ സലിം പൂവത്തിക്കല്‍, എടക്കര സ്റ്റേഷനിലെ എ.എസ്.ഐ മുജീബ്, സി.പി.ഒ ഷഫീക്ക്, ഡാന്‍സാഫ് സംഘം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.