എടക്കര: വഴിക്കടവ് മാമാങ്കര ജനവസ മേഖലയില്‍ പുലിയുടെ സാന്നിധ്യമുള്ളതായി സൂചന. സി.പി. ചെറിയുടെ കച്ചവട സ്ഥാപനത്തിന് മുന്നിലൂടെ പുലിയെന്ന് തോന്നിക്കുന്ന മൃഗം നടന്നുപോകുന്ന സി.സി.ടി.വി ദൃശ്യമാണ് സംശയത്തിന് കാരണം. നെല്ലിക്കുത്ത് വനം ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ എം. വിജയന്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ലാല്‍ വി. നാഥ് എന്നിവര്‍ സ്ഥലത്തെത്തി ദൃശ്യങ്ങള്‍ പരിശോധിച്ചു.
എന്നാല്‍ ദൃശ്യങ്ങള്‍ക്ക് വ്യക്തതയില്ലാത്തതിനാല്‍ പുലിയുടേതാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. പരിസരത്ത് പുലിയുടേതിന് സമാനമായ കാല്പാടുകളും കണ്ടെത്താനായില്ല. എങ്കിലും ജനം ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. തുടര്‍ന്നും കാണുകയാണെങ്കില്‍ പ്രദേശത്ത് കാമറ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
രാത്രികാലങ്ങളില്‍ കുട്ടികളെ പുറത്ത് വിടാതിരിക്കുക, മുതിര്‍ന്നവര്‍ പുറത്തിറങ്ങുമ്പോള്‍ നല്ലതുപോലെ വെളിച്ചം ലഭിക്കുന്ന വസ്തുക്കള്‍ കരുതുക, എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ ഉടൻ വനം ജീവനക്കാരെ വിവരമറിയിക്കുക എന്നീ നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. വനമേഖലയോട് ചേര്‍ന്ന് നില്ക്കുന്നതിനാല് പലതരം വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വനം ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞദിവസം ആനമറിയിലും പുലിയെ കണ്ടതായി പറയപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.