എടക്കര: ഗോത്രവര്‍ഗ കോളനികളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ നിരന്തരം കോളനികളില്‍ സന്ദർശനം നടത്തണമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്. മുണ്ടേരി ഉള്‍വനത്തിലെ ആദിവാസി വാണിയംപുഴ കോളനിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജനകീയാസൂത്രണം 25 വര്‍ഷം പൂര്‍ത്തിയായിട്ടും പട്ടികവര്‍ഗ വിഭാഗത്തിെൻറ അവസ്ഥയില്‍ കാര്യമായ മാറ്റം വന്നില്ലെങ്കില്‍ അതിന് കാരണക്കാർ ആരാണെന്ന് നാം സ്വയം ചിന്തിക്കണം.
ഇരുട്ടുകുത്തി, വാണിയംപുഴ, തരിപ്പപ്പൊട്ടി തുടങ്ങി ഉള്‍വനത്തിലുള്ള കോളനികളിലുള്ളവർ വനത്തില്‍നിന്ന് പുറത്തേക്ക് വന്നാല്‍ കൂടുതല്‍ സൗകര്യപ്രദമായ താമസസ്ഥലമൊരുക്കി നല്‍കാം. എന്നാല്‍, വനം ഉപേക്ഷിച്ച് പോരാന്‍ തയാറല്ലെന്നും പ്രളയസമയത്ത് വീടുകളിലേക്ക് വെള്ളം കയറിയതിനാല്‍ കൂടുതല്‍ ഉള്‍ക്കാട്ടിലേക്ക് പോകാനാണ് താൽപര്യമെന്നും അവര്‍ മന്ത്രിയെ അറിയിച്ചു. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി താമസിക്കുന്ന ആദിവാസികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പട്ടികവര്‍ഗ വകുപ്പിനോട് മന്ത്രി ആവശ്യപ്പെട്ടു.
വനത്തിലെ കോളനികളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക തടസ്സമുള്ളതിനാല്‍ മറ്റ് കാര്യങ്ങള്‍ നോക്കാൻ ജില്ല കലക്ടറെ ചുമതലപ്പെടുത്തും. മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിലെ തൊഴിലാളികളിൽ 10 ശതമാനം പേരെ സമീപത്തെ ആദിവാസി കോളനികളില്‍നിന്ന് നിയമിക്കാന്‍ കൃഷിമന്ത്രിയുമായി ചര്‍ച്ച നടത്തും. വെള്ള റേഷന്‍ കാര്‍ഡുള്ള ആദിവാസികളുടെ പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ നിര്‍ദേശം നല്കി. സോഷ്യല്‍ വര്‍ക്കര്‍മാരുടെ തസ്തികയില്‍ നിയമനം നടത്തുമെന്നും പ്രമോട്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുമെന്നും ഇതിനായി സര്‍വേ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഞെട്ടിക്കുളത്തെ ഹോസ്റ്റല്‍ നവീകരിക്കാൻ നടപടി സ്വീകരിക്കും. വീടുകളില്‍ വെള്ളം കയറിയതിനാല്‍ മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിലെ ക്വാര്‍ട്ടേഴ്സുകളില്‍ താമസിക്കുന്ന ആദിവാസികളെയും മന്ത്രി സന്ദര്‍ശിച്ചു. പി.വി. അന്‍വര്‍ എം.എല്‍.എ, സബ് കലക്ടര്‍ ശ്രീധന്യ സുരേഷ്, പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ അനുപമ, പോത്തുകല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിദ്യ രാജന്, ജനപ്രതിനിധികള്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.