എടക്കര: ആദിവാസികളും ബി.ആര്.സിയും കൈകോര്‍ത്തപ്പോള്‍ മുണ്ടേരി തരിപ്പപ്പൊട്ടി കോളനിയില്‍ ഓണ്‍ലൈന്‍ പഠന കേന്ദ്രമൊരുങ്ങി. പ്രളയത്തെ തുടര്‍ന്ന് ചാലിയാര്‍ പുഴയുടെ തീരത്തുനിന്ന് മാറി സമീപത്തെ കുന്നില്‍ താമസമാക്കിയ തരിപ്പപ്പൊട്ടി കോളനിയിലെ 32 കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനസൗകര്യമൊരുങ്ങിയത്.
മേല്‍ക്കൂര മേയാനുള്ള സാധനങ്ങള്‍ നല്കിയാല് ഓണ്‍ലൈന്‍ പഠനകേന്ദ്രം ആരംഭിക്കാനുള്ള എല്ലാ സഹകരണവും നല്‍കാമെന്ന് ഊരുമൂപ്പന് വെള്ളന് നിലമ്പൂര്‍ ബി.ആര്.സി കോഓഡിനേറ്റര്‍ മനോജ് കുമാറിനെ അറിയിച്ചിരുന്നു. കോളനിയിലെ രക്ഷിതാക്കള്‍ ആവശ്യമായ മുള വനത്തില്‍നിന്ന് ശേഖരിച്ചു. ബി.ആര്.സിയിലെ സ്പെഷല്‍ എജുക്കേറ്റര്‍മാരായ സജിന്‍, സബിത്ത്, ശ്രീജു, മനു എന്നിവരും പഠനകേന്ദ്രത്തിെൻറ നിര്‍മാണത്തിനായി പ്രവര്‍ത്തിച്ചു. മുണ്ടേരി സ്വദേശികളായ ജോമോന്, ശ്രീനാഥ്, അജയ് എന്നിവരും ഒപ്പംകൂടി.
ബി.ആര്.സി ജീവനക്കാര്‍ രാവിലെ കോളനിയില്‍ എത്തുമ്പോഴേക്കും രക്ഷിതാക്കള്‍ മുള ശേഖരിക്കാന്‍ വനത്തിലേക്ക് പോയിരുന്നു. കോളനിയില്‍നിന്ന് നാല് കിലോമീറ്റര്‍ അകെലയുള്ള കൂമ്പളപ്പാറയോട് ചേര്‍ന്ന സ്ഥലത്തുനിന്ന് മുള ശേഖരിച്ച് ചാലിയാറിലൂടെ പാണ്ടിയായി കൊണ്ടുവന്നാണ് പഠനകേന്ദ്രം നിര്‍മാണം പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ വര്‍ഷം എസ്.എഫ്.ഐ നല്കിയ സോളാര്‍ സംവിധാനവും ടി.വിയും ഫിറ്റ് ചെയ്തു. തിങ്കളാഴ്ച മുതല്‍ കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത് തുടങ്ങി. വനം വകുപ്പിെൻറയും ഐ.ടി.ഡി.പിയുടെയും സഹകരണത്തോടെ ഇരിപ്പിടങ്ങള്‍ കൂടി ലഭ്യമാക്കുമെന്ന് ബി.പി.സി എം. മനോജ്കുമാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.