എടക്കര (മലപ്പുറം): മുണ്ടേരിവനത്തില് ആദിവാസികള്‍ക്ക് ഭീഷണിയായ കൊലയാളി കാട്ടാനക്ക് പുറമെ മറ്റൊരു കൊമ്പന്‍കൂടി. കൊമ്പന്മാരെ തുരത്താന്‍ ആര്.ആര്.ടി സംഘം തിങ്കളാഴ്ച വനമേഖലയില്‍ സന്നാഹങ്ങളോടെ എത്തും. റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് കൊലയാളിക്കൊമ്പനെ തുരത്തുക എന്ന ലക്ഷ്യത്തോടെയാണ് നിലമ്പൂരില്‍നിന്നുള്ള റാപ്പിഡ് റെസ്പോൺസ്ഡ് ടീം തിങ്കളാഴ്ച കാടുകയറുക. ഇവരോടൊപ്പം വനം ജീവനക്കാര്‍, പൊലീസ് സേനാംഗങ്ങള്‍ എന്നിവരുമുണ്ടാകും. കഴിഞ്ഞ പ്രളയത്തില്‍ ഇരുട്ടുകുത്തിയില്‍നിന്ന് കുമ്പളപ്പാറയിലേക്കുള്ള ഏഴു കിലോമീറ്ററോളം കാനനപാത പൂര്‍ണമായി നശിച്ചിരുന്നു. ഇക്കാരണത്താല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കുമ്പളപ്പാറയിലേക്ക് ഒരുവിധ ഗതാഗത സൗകര്യങ്ങളുമില്ല. ആര്.ആര്.ടി സംഘം മണ്ണുമാന്തി യന്ത്രവുമായിട്ടായിരിക്കും വനത്തിലേക്ക് കടക്കുക.
നശിച്ച കാനനപാത താല്‍ക്കാലികമായി ഗതാഗത യോഗ്യമാക്കാനുള്ള ശ്രമവും നടത്തും. സാധാരണ റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെച്ചാല്‍ അക്രമകാരികളായ ആനകള്‍ ഉള്‍വനത്തിലേക്ക് നീങ്ങാറുണ്ട്. എന്നാല്‍, കൊലയാളിക്കൊമ്പെൻറ കാര്യത്തില്‍ ഇത് എത്രമാത്രം പ്രായോഗികമാകുമെന്ന ആശങ്കയിലാണ് വനംവകുപ്പ്. ഇക്കാരണത്താലാണ് മണ്ണുമാന്തിയന്ത്രം കൂടി ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്ന് നോര്‍ത്ത് ഡി.എഫ്.ഒ മാര്ട്ടിന് ലോയല്‍ പറഞ്ഞു. റബര്‍ ബുള്ളറ്റ് പ്രയോഗം ഫലിച്ചില്ലെങ്കിൽ രണ്ടു കുങ്കിയാനകളെ കൊണ്ടുവന്ന് കൊലയാളിക്കൊമ്പനെ തുരത്താന്‍ ശ്രമംനടത്തും. അവസാന ശ്രമമെന്നനിലയില്‍ മാത്രമേ മയക്കുവെടി പ്രയോഗിക്കൂ.
മയക്കുവെടി വെക്കേണ്ട സാഹചര്യം വന്നാല്‍ ഗതാഗതയോഗ്യമായ റോഡ് കൂടി ആവശ്യമാണെന്നിരിക്കെയാണ് മണ്ണുമാന്തി ഉപയോഗിക്കാന്‍ തീരുമാനിച്ചത്. നാല് ആദിവാസി കോളനികളാണ് ഈ വനമേഖലയില്‍ സ്ഥിതിചെയ്യുന്നത്. ആദിവാസികള്‍ക്ക് നേരെയുണ്ടാകുന്ന കാട്ടാനകളുടെ ആക്രമണം ഒഴിവാക്കുകയാണ് ആദ്യം ലക്ഷ്യമിടുന്നത്. മദപ്പാടിെൻറ സമയമായതിനാലാണ് കൊമ്പനാനകള്‍ ഇപ്പോള്‍ ആക്രമണസ്വഭാവം കാണിക്കുന്നത്. ഒരുമാസം പിന്നിടുമ്പോള്‍ ഇവര്‍ ശാന്തരാകും.
എങ്കിലും, അപകടങ്ങള്‍ ഒഴിവാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്തശേഷമാണ് നടപടികള്‍ സ്വീകരിച്ചതെന്നും ഡി.എഫ്.ഒ പറഞ്ഞു. ഇതിനിടെ ശനിയാഴ്ച രാത്രി വാണിയംപുഴ കോളനിയില്‍ മറ്റൊരു കൊമ്പന് അക്രമമഴിച്ചുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.