എടക്കര: രണ്ട് വര്‍ഷം മുമ്പ് പോത്തുകല്‍ കുനിപ്പാലയില്‍നിന്ന് കാണാതായ യുവതിയെയും രണ്ട് മക്കളെയും പൊലീസ് തമിഴ്നാട്ടില്‍നിന്ന് കണ്ടെത്തി. കുനിപ്പാല ആദിവാസി കോളനിയിലെ മിനി (40), മക്കളായ രഞ്ജിത് (13), രമേശ് (എട്ട്) എന്നിവരെയാണ് കോയമ്പത്തൂര്‍ ഉക്കടത്തുനിന്ന് പോത്തുകല്‍ പൊലീസ് കണ്ടെത്തി നാട്ടിലെത്തിച്ചത്.
2021 ഏപ്രിലിലാണ് മിനി മക്കളുമായി നാടുവിട്ടത്. ആദ്യം നിലമ്പൂര്‍ ജില്ല ആശുപത്രിയിലെത്തി ഒരു ദിവസം അവിടെ തങ്ങി. അവിടെനിന്ന് കോഴിക്കോട്ടേക്കും തുടര്‍ന്ന് കോയമ്പത്തൂരിലേക്കും വണ്ടികയറുകയായിരുന്നു. കോയമ്പത്തൂരിലെത്തിയ മിനി ആദ്യം മലയാളിയായ ഒരു ഭിക്ഷാടകയോടൊപ്പം ചേര്‍ന്ന് മക്കളുമായി ഭിക്ഷാടനം നടത്തിയിരുന്നു. ഭിക്ഷാടനം ശരിയല്ലെന്ന് തോന്നിയപ്പോള്‍ പിന്മാറുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരാള്‍ക്കൊപ്പം താമസിച്ചുവരുന്നതിനിടെയാണ് മിനിയും മക്കളും കോയമ്പത്തൂര്‍ ഉക്കടത്തുണ്ടെന്ന വിവരം പോത്തുകല്‍ പൊലീസിന് ലഭിക്കുന്നത്.
ഇതോടെ ഇന്‍സ്പെക്ടര്‍ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഇവരെ കണ്ടെത്തുകയായിരുന്നു. നാട്ടിലെത്തിച്ച ഇവരെ കോടതിയില്‍ ഹാജറാക്കി. മിനിയെയും മക്കളെയും കാണാനില്ലെന്ന പരാതിയില്‍ രണ്ട് വര്‍ഷമായി ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് നിലമ്പൂര്‍ ഡിവൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തിവരുകയായിരുന്നു.
തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, മധുര, പളനി, പൊള്ളാച്ചി, തിരുപ്പൂര്‍, പള്ളടം, മേട്ടുപ്പാളയം എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഭിക്ഷാടന മാഫിയയുടെ ൈകയിലകപ്പെട്ടതായാണ് അറിഞ്ഞത്. ഒടുവില്‍ കൃത്യമായ അന്വേഷണത്തിലൂടെ കോയമ്പത്തൂരില്‍നിന്നാണ് തമിഴ്നാട് പൊലീസിന്റെയും പ്രദേശവാസികളുടെയും സഹായത്തോടെ ഇവരെ കണ്ടെത്താനായത്. എസ്.ഐ കെ. സോമന്, സീനിയര്‍ സി.പി.ഒ രാജേഷ്, സി.പി.ഒമാരായ അഖില്‍, കൃഷ്ണദാസ് എന്നിവരും അന്വേഷണത്തില്‍ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.