എടക്കര: മുണ്ടേരി ഉള്‍വനത്തിലെ ഗോത്രവര്‍ഗ കോളനികളില്‍ മൂന്നാം തവണയും ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി സെക്രട്ടറികൂടിയായ സബ് ജഡ്ജി എം. ഷാബിര്‍ ഇബ്രാഹിം സന്ദര്‍ശനം നടത്തി. ഹൈകോടതി നിര്‍ദേശപ്രകാരമാണ് സന്ദര്‍ശനം. കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനികളിലായിരുന്നു സന്ദര്‍ശനം. കഴിഞ്ഞ 25 ന് ഇരുട്ടുകുത്തി, വാണിയംപുഴ കോളനികളിലും സന്ദര്‍ശനം നടത്തിയിരുന്നു.
പ്രളയത്തില്‍ പാലവും വീടുകളും തകര്‍ന്ന് നാല് വര്‍ഷമായി ഉള്‍വനത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ഷെഡുകളില്‍ ദുരിത ജീവിതം നയിക്കുന്ന നിലമ്പൂരിലെ 300 ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനായി ആര്യാടന് ഷൗക്കത്തും വാണിയമ്പുഴ കോളനിയിലെ സുധയും നല്കിയ പൊതുതാല്പര്യ ഹരജിയില്‍ ഹൈകോടതി നിര്‍ദേശപ്രകാരമാണ് സബ് ജഡ്ജി കോളനികളിലെത്തിയത്.
ഹൈകോടതി നിർദേശപ്രകാരം നേരത്തെയും സബ് ജഡ്ജ് കോളനികള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ച ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുണ്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് രണ്ടാഴ്ചക്കകം കുടിവെള്ളവും ആവശ്യമായ ബയോ ശുചിമുറികളും കോളനികളില്‍ ലഭ്യമാക്കണമെന്ന് ആഗസ്റ്റ് 17ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഈ ഉത്തരവ് നടപ്പാക്കാതിരുന്നതോടെ സര്‍ക്കാരിനോട് വിശദീകരണം തേടിയ ഹൈകോടതി ഉത്തരവ് നടപ്പാക്കാന്‍ സ്വീകരിച്ച നടപടി വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദേശിച്ചിരുന്നു.
ആഗസ്റ്റ് 19നകം ആവശ്യമായ എണ്ണം ബയോ ശുചിമുറികൾ സ്ഥാപിക്കാനും കുടിവെള്ള സൗകര്യം ലഭ്യമാക്കാനും കര്‍ശന ഉത്തരവും നല്‍കിയിരുന്നു. ഇതോടെ ഐ.ടി.ഡി.പി ജില്ല പ്രോഗ്രാം ഓഫിസര്‍ കെ.എസ്. ശ്രീരേഖ മൂന്ന് ബയോ ശുചിമുറികൾ സ്ഥാപിച്ചതായും പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ വാസയോഗ്യമാണെന്നും കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കാണിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നു.
ആര്യാടന് ഷൗക്കത്തിന്റെ അഭിഭാഷകന് അഡ്വ. പിയൂസ് എ. കൊറ്റം ഐ.ടി.ഡി.പി പ്രോഗ്രാം ഓഫിസറുടെ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയതോടെയാണ് ചീഫ് ജസ്റ്റിസ് ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് വീണ്ടും കോളനികള്‍ സന്ദര്‍ശിച്ച് ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് നാലാഴ്ചക്കകം സമര്‍പ്പിക്കാന്‍ ഉത്തരവിട്ടത്.
ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസറുടെ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് സബ് ജഡ്ജി ഹൈകോടതിയില്‍ സമര്‍പ്പിച്ചത്. പ്രളയത്തില്‍ തകര്‍ന്ന ആദിവാസികളുടെ വീടുകള്‍ വാസയോഗ്യമെന്ന് കള്ളം പറഞ്ഞതെന്തിനെന്ന് രൂക്ഷമായി വിമര്‍ശിച്ച ഹൈകോടതി ആദിവാസികളുടെ പുനരധിവാസത്തിന് സ്വീകരിച്ച നടപടി വ്യക്തമാക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
പുനരധിവാസത്തിനായി എല്ലാ നടപടികളും സ്വീകരിച്ചതായും നഷ്ടപരിഹാരം നല്‍കിയിട്ടും വീട് പുനര്‍നിര്‍മിക്കാതെ ആദിവാസികള്‍ വനത്തിനുള്ളില്‍ ഷെഡുകളില്‍ താമസിക്കുകയാണെന്ന് ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ ഹൈകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. ഇതോടെയാണ് സബ് ജഡ്ജിനോട് വീണ്ടും കോളനികള്‍ സന്ദര്‍ശിച്ച് സ്ഥിതി വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടത്. കേസ് 13ന് ഹൈകോടതി വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.