എടക്കര: അംഗഭംഗം വന്ന ശരീരങ്ങള്‍, ഉടലില്‍നിന്ന് അറ്റുപോയ കൈകാലുകളും തലയും, മരത്തടിയാണോ മൃതദേഹമാണോ എന്നുപോലും തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍... ചാലിയാര്‍ പുഴയുടെ വാണിയംപുഴ, തലപ്പാലി തീരങ്ങളിലെ കാഴ്ച ആരെയും കണ്ണീരണിയിക്കുന്നതായിരുന്നു.
മേപ്പാടി മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ചാലിയാറിലൂടെ ഒഴുകിവന്ന് തീരങ്ങളിലും മരത്തടികളിലും അടിഞ്ഞ മൃതദേഹങ്ങളുടെ അവസ്ഥയാണിത്. തലപ്പാലി, വാണിയംപുഴ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവുമധികം മൃതദേഹങ്ങള്‍ കണ്ടെടുത്തത്. തലപ്പാലിയില്നിന്ന് നാല് മൃതദേഹങ്ങള്‍ ലഭിച്ചു. ഇതിന് എതിര്‍വശത്തായി ചാലിയാര്‍ പുഴയുടെ മറുകരയില്‍ വാണിയംപുഴ ഊരിനോട് ചേര്‍ന്ന തീരത്ത് നിരവധി മൃതദേഹങ്ങളാണ് അടിഞ്ഞത്.
അഞ്ഞൂറ് മീറ്ററിനുള്ളില്‍ നിന്നും നിരവധി മൃതദേഹങ്ങളും മൃതദേഹഭാഗങ്ങളും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. പുഴയുടെ തീരത്ത് തിരിച്ചറിയാനാകാത്ത വിധം മാംസകഷണങ്ങളായിരുന്നു ഭൂരിഭാഗവും. ചിലതൊക്ക മണ്ണില്‍ പുതഞ്ഞ നിലയിലുമായിരുന്നു. മുണ്ടക്കൈയില്‍നിന്ന് 12 കിലോമീറ്റര്‍ ദൂരമാണ് പോത്തുകല്ലിലേക്കുള്ളത്. ഉരുള്‍പൊട്ടലില്‍ പുഴയിലെ മരങ്ങളിലിടിച്ചും കല്ലുകള്ക്കിടയിലമര്ന്നും വെള്ളച്ചാട്ടങ്ങളിലൂടെയും ഒലിച്ചെത്തിയവയായിരുന്നു മൃതദേഹങ്ങള്‍. തലപ്പാലിക്ക് മുകളില്‍ പുഴയുടെ തീരങ്ങളില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ചുങ്കത്തറ പഞ്ചായത്തിലെ പൂക്കോട്ടുമണ്ണ, കൈപ്പിനി പാലങ്ങള്‍ക്ക് സമീപത്ത് നിന്നുവരെ മൃതദേഹങ്ങള്‍ കണ്ടെത്തി.
ചാലിയാറിലെ അതിശക്തമായ ഒഴുക്കും, പ്രതികൂല കാലാവസ്ഥയും തിരച്ചിലിനെ ബാധിച്ചിരുന്നു. എങ്കിലും രാവിലെ മുതല്‍ ഓരോ പ്രദേശത്തെയും ആളുകള്‍ ഓരോ സ്ഥലങ്ങളില്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.