എടക്കര: കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം ഉള്‍ക്കാട്ടിലേക്ക് കയറാന്‍ കൂട്ടാക്കാതെ ജനവാസ കേന്ദ്രത്തിന് നടുവിലെ ചെറിയ വനത്തില്‍ നിലയുറപ്പിച്ചത് ജനങ്ങളെ മണിക്കൂറുകളോളം ഭീതിയുടെ മുള്‍മുനയിലാഴ്ത്തി. ചുങ്കത്തറ പഞ്ചായത്തിലെ കുറുമ്പലങ്ങോട് സ്കൂളിന് സമീപം മാതയിലെ ചെറിയ വനത്തിലാണ് കൊമ്പനും പിടിയും കുട്ടിയും അടങ്ങുന്ന മൂന്ന് ആനകള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്നത്. രാത്രി ഏറെ വൈകിയും കാട്ടാനകള്‍ ഇവിടം വിട്ട് പോകാന്‍ കൂട്ടാക്കിയിട്ടില്ല.
പുലര്‍ച്ചെ മൂന്നിന് മാതയിലെ പൂവത്തി ബഷീര്‍, കല്‍പ്പാത്തൊടി ഗംഗാധരന്, കല്‍പ്പാത്തൊടി ദേവരാജന്‍ എന്നിവരുടെ കൃഷിയിടങ്ങളില്‍ കാട്ടാനകള്‍ ഇറങ്ങി കൃഷി നശിപ്പിച്ച വിവരം നാട്ടുകാര്‍ കാഞ്ഞിരപ്പുഴ വനം ഓഫിസില്‍ അറിയിച്ചിരുന്നു. നാലോടെ എത്തിയ രണ്ട് വനം ജീവനക്കാര്‍ പടക്കം പൊട്ടിച്ചതോടെ ആനകള്‍ കാട്ടിലേക്ക് മറഞ്ഞു. നേരം പുലര്‍ന്നപ്പോഴാണ് ജനവാസ കേന്ദ്രത്തിന് നടുവിലെ ചെറിയ വനത്തില്‍ ആനകള്‍ ഉള്ളതായി നാട്ടുകാര്‍ കണ്ടത്. നിരവധി വീടുകളും കുറുമ്പലങ്ങോട് ജി.യു.പി സ്കൂളും സ്ഥിതി ചെയ്യുന്നതിന്റെ നൂറ് മീറ്റര്‍ അടുത്താണ് ആനകള്‍ തമ്പടിച്ചിരുന്നത്.
ആനകളെ പേടിച്ച് സ്കൂള്‍ നേരത്തെ വിടുകയും ചെയ്തു. വൈകീട്ട് അഞ്ചിന് ആനകളെ പടക്കം പൊട്ടിച്ച് ഇവിടെനിന്ന് പുറത്തിറക്കാന്‍ വനം ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമം ജനങ്ങളുടെ കടുത്ത എതിര്‍പ്പിനും പ്രതിഷേധത്തിനുമിടയാക്കി. ജനങ്ങള്‍ക്ക് യാതൊരു മുന്നറിയിപ്പും നല്‍കാതെയായിരുന്നു ഈ നടപടി. തുടര്‍ന്ന് വനം ആര്.ആര്.ടി സംഘവും പോത്തുകല്‍ പൊലീസും രാത്രി ഏഴോടെ ഇതുവഴിയുള്ള റോഡുകള്‍ അടച്ച ശേഷം പടക്കം പൊട്ടിച്ച് ആനകളെ മുണ്ടപ്പാടം വനത്തിലേക്ക് തുരത്താന്‍ ശ്രമിച്ചു. എന്നാല്‍ സമീപത്തെ കൃഷിയിടത്തിലേക്കിറങ്ങിയ ആനകള്‍ വീണ്ടും ഇതേ കാട്ടിലേക്ക് തിരിച്ചുകയറി.
രാത്രി വീണ്ടും പടക്കം പൊട്ടിച്ച് ആനകളെ തുരത്താനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പ്രദേശത്ത് രൂക്ഷമായ കാട്ടാനശല്യംമൂലം ജനങ്ങള്‍ കടുത്ത ദുരിതത്തിലാണ്. കഴിഞ്ഞ ആറിന് പ്രദേശത്ത് വ്യാപക കൃഷിനാശമാണ് കാട്ടാനകള്‍ വരുത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ കാഞ്ഞിരപ്പുഴ വനം ഓഫിസ് ഉപരോധിച്ചിരുന്നു.
എടക്കര: വഴിക്കടവ് പഞ്ചായത്തിലെ മാമാങ്കരയിലും ആനമറിയിലും ചൊവ്വാഴ്ച പുലിയെ കണ്ടതായി നാട്ടുകാര്‍. ചൊവ്വാഴ്ച വൈകീട്ട് നാലിന് ആനമറിയിലെ ആര്.ടി.ഒ ചെക്കുപോസ്റ്റിന് മുന്നിലൂടെ പുലി റോഡ് മുറിച്ച് കടന്ന് സമീപത്തെ കുന്നിലേക്ക് ഓടിപ്പോകുന്നതാണ് നാട്ടുകാര്‍ കണ്ടത്. വനത്തോട് ചേര്‍ന്ന ശ്മശാനത്തിന്റെ ഭാഗത്തേക്കാണ് പുലി പോയത്. മാമാങ്കരയില്‍ പുലര്‍ച്ചെ ടാപ്പിങ്ങിന് പോയ തൊഴിലാളിയാണ് പുലിയെ കണ്ടത്.
കഴിഞ്ഞ ദിവസം അങ്ങാടിയോട് ചേര്‍ന്ന വീട്ടില്‍ സ്ഥാപിച്ച സി.സി.ടി.വിയിലും പുലിയെ പോലുള്ള ജീവി റോഡിലൂടെ പോകുന്നത് കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് മാമാങ്കരയില്‍ പുലിയുടെ സാന്നിധ്യം ഉണ്ടായിട്ടുള്ളത്. ഇതോടെ നാട്ടുകാർ ആശങ്കയിലാണ്. സംഭവത്തെത്തുടര്‍ന്ന് നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം മാമാങ്കര, ആനമറി പ്രദേശങ്ങളില്‍ രാത്രി പട്രോളിങ് ആരംഭിച്ചു. രണ്ടിടങ്ങളിലും കണ്ടത് വേവ്വെറെ പുലികളാണെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്.
ജനങ്ങള്‍ കണ്ടത് പുലിതന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിന് വനംവകുപ്പിന്റെ കാമറകള്‍ സ്ഥാപിക്കാനും നീക്കമുണ്ട്. വനയോര മേഖലയായതിനാല്‍ വന്യമൃഗങ്ങളുടെ സാന്നിധ്യം ഉണ്ടാവുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
വൈകുന്നേരങ്ങളിലും പുലര്‍ച്ചെയും കുട്ടികളെ തനിയെ സഞ്ചരിക്കാന്‍ അനുവദിക്കരുതെന്നും മുതിര്‍ന്നവര്‍ നല്ല പ്രകാശമുള്ള സംവിധാനങ്ങളുമായി മാത്രമേ പുറത്തിറങ്ങാവൂ എന്നും വനം അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കാട്ടാന, കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ശല്യംമൂലം പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് പകല്‍പോലും പുലിയുടെ സാന്നിധ്യം കടുത്ത ഭീഷണിയായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.