എടക്കര: രൂക്ഷമായ കാട്ടാനശല്യത്തില്‍ പൊറുതിമുട്ടുകയാണ് ചുങ്കത്തറ പഞ്ചായത്തിലെ പൂച്ചക്കുത്ത് നിവാസികൾ. വര്‍ഷങ്ങളായി ജനം തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് അടുത്തിടെയാണ് കാട്ടാനശല്യം രൂക്ഷമായത്. പകല്‍ സമയങ്ങളില്‍ പോലും വള്ളുവശേരി വനത്തില്‍നിന്ന് കൂട്ടമായെത്തുന്ന ആനകള്‍ ജനവാസകേന്ദ്രത്തില്‍ ഭീതിപരത്തുകയാണ്. വീടുകൾക്ക് മുന്നിൽ വരെ എത്തുന്ന ആനകൾ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതും പതിവാണ്. സന്ധ്യയായാല്‍ പുറത്തിറങ്ങാനാകാത്ത സാഹചര്യമാണ്. കഴിഞ്ഞദിവസം മുട്ടിക്കടവ് ജില്ല വിത്തുകൃഷിത്തോട്ടത്തിന്റെ ചുറ്റുമതിൽ, ചേപ്പംപാടത്തെ കുളങ്ങര സിദ്ദീഖ്, പുത്തൻപീടിക ശമീർ, കുപ്പനത്ത് റഷീദലി എന്നിവരുടെ തെങ്ങ്, കമുക്, വാഴ എന്നിവ വ്യാപകമായി നശിപ്പിച്ചു.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ആനകളെ ഉൾക്കാട്ടിലേക്ക് തുരത്താനും തെരുവ് വിളക്കുകള്‍ സ്ഥാപിക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്തിലെ വള്ളുവശേരി, എടമല, എടമലക്കുന്ന്, മുണ്ടപ്പാടം കോളനി, അമ്പലക്കുന്ന്, മുപ്പാലിപ്പൊട്ടി, പള്ളിക്കുത്ത് പ്രദേശങ്ങളിലും കാട്ടാനശല്യം മൂലം ജനം പൊറുതിമുട്ടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.