എടക്കര: കാട്ടാനകളെ പേടിച്ച് കുറുമ്പലങ്ങോട് വില്ലേജിലെ കര്‍ഷക കുടുംബം വീടൊഴിഞ്ഞു. കുറുമ്പലങ്ങോട് മാത ഗ്രൗണ്ടിന് സമീപം താമസിച്ചിരുന്ന കുളങ്ങരോട്ട് ജോസ് മത്തായിയും കുടുംബവുമാണ് ആനകളെ പേടിച്ച് സ്വന്തം വീടൊഴിഞ്ഞ് വാടക വീട്ടിലേക്ക് മാറിയത്. മാത ഗ്രൗണ്ടിന് സമീപം 17 സെന്റ് ഭൂമിയും വീടും കൃഷിയുമാണ് ജോസിനുള്ളത്. അതില്‍ നാലുവര്‍ഷം പ്രായമായ 18 തെങ്ങുകളും 60 ഓളം കുലച്ചതും കുലക്കാറായതുമായ വാഴകളും 28 കമുകും കാട്ടാന തിങ്കളാഴ്ച നശിപ്പിച്ചു.
ഇഴുവാത്തോടിനോട് ചേര്‍ന്ന് കിടക്കുന്ന കൃഷിയിടത്തിന് സമീപം കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍പെട്ട വനമാണ്. കഴിഞ്ഞ 16 വര്‍ഷമായി ജോസ് ഇവിടെയാണ് താമസം. 2019ലെ പ്രളയത്തില്‍ ഇഴുവത്തോട് കരകവിഞ്ഞ് കൃഷിയിടത്തിലെ സര്‍വ വിളകളും നശിച്ചുപോയിരുന്നു. പിന്നീട് കഠിനാധ്വാനം ചെയ്തുണ്ടാക്കിയവയാണ് കാട്ടാനകള്‍ നശിപ്പിച്ചത്. ഒരു പിടിയാനയും കുട്ടിയുമാണ് തിങ്കളാഴ്ച ജോസിന്റെ കൃഷിയിടത്തില്‍ നാശം വിതച്ചത്.
ആറിലധികം കാട്ടാനകള്‍ ഈ ഭാഗത്തുണ്ടെന്നാണ് ജോസ് പറയുന്നത്. സമീപത്തെ കൃഷിയിടങ്ങളിലും വ്യാപക നാശമാണ് കാട്ടാനകള്‍ വരുത്തുന്നത്. തിരൂര്‍ സ്വദേശിയുടെ അഞ്ചേക്കര്‍ വരുന്ന തോട്ടത്തില്‍ സ്ഥിരമായി കാട്ടാനകള്‍ നാശം വിതക്കുന്നുണ്ട്. കാട്ടാനകളെ പേടിച്ച് രോഗിയായ ഭാര്യയേയും എട്ട് വയസ്സുകാരന് മകനുമായി സ്വന്തം വീടുപേക്ഷിച്ച് എരുമമുണ്ടയിലെ വാടക ക്വാര്‍ട്ടേഴ്സിലാണിപ്പോള്‍ ജോസ് താമസിക്കുന്നത്. രാത്രി കാട്ടാന ആക്രമണമുണ്ടായാല്‍ ഇവിടെ നിന്നും രക്ഷപെടുന്നത് ശ്രമകരമാകുമെന്നതിനാലാണ് വീട് ഉപേക്ഷിച്ച് താമസം മാറിയതെന്ന് ജോസ് പറയുന്നു. കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടനകളെ തടയാന്‍ വനംവകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.