എടക്കര: രാപ്പകല്‍ വ്യത്യാസമില്ലാതെ ജനവാസകേന്ദ്രങ്ങളോട് ചേര്‍ന്നുള്ള കാട്ടാനകളുടെ സാന്നിധ്യം മലയോര ജനതയുടെ ഉറക്കം കെടുത്തുന്നു. കരിയംമുരിയം വനത്തോട് ചേര്‍ന്നുകിടക്കുന്ന ഉണിച്ചന്തം, ചെമ്പന്‍കൊല്ലി, കുനിപ്പാല, കോടാലിപ്പൊയില്‍ പ്രദേശങ്ങളിലാണ് സദാസമയവും കാട്ടാനകളെത്തുന്നത്. കൃഷിയിടങ്ങളില്‍ പോലും പകല്‍സമയങ്ങളില്‍ ആനക്കൂട്ടം എത്തും. കാട്ടാനകളെ ചെറുക്കാന്‍ വനാതിര്‍ത്തിയില്‍ സൗരോര്‍ജ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും പ്രവര്‍ത്തനരഹിതമാണ്. ഈ വേലി തകര്‍ത്താണ് കാട്ടാനക്കൂട്ടം ഇടതടവില്ലാതെ കാടിറങ്ങാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. പലപ്പോഴും ഭാഗ്യംകൊണ്ടാണ് കാട്ടാനകള്‍ മൂലമുള്ള അപകടങ്ങള്‍ ഇവിടെ ഇല്ലാതാകുന്നത്.
കഴിഞ്ഞവര്‍ഷം കോടാലിപ്പൊയില്‍ ജനവാസകേന്ദ്രത്തിലെത്തിയ മോഴയാനയുടെ ആക്രമണത്തില്‍നിന്ന് സിവില്‍ പൊലീസ് ഓഫിസര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ചെമ്പന്കൊല്ലിയില്നിന്നും കോടാലിപ്പൊയിലേക്ക് രണ്ടുകിലോ മീറ്റര്‍ ദൂരമുണ്ട്. ഇതില്‍ ഒരുകിലോമീറ്റര്‍ ദൂരം റോഡിന്റെ വശം വനവും മറുഭാഗത്ത് ഏതാനും എണ്ണപ്പെട്ട വീടുകളുമാണുള്ളത്. ബസ് സര്‍വിസില്ലാത്ത ഈ റൂട്ടിലൂടെ പകല്‍ സമയങ്ങളില്‍ നിരവധി യാത്രക്കാരാണ് സഞ്ചരിക്കുന്നത്. നേരം ഇരുട്ടിയാല്‍ കാട്ടാനപ്പേടിയില്‍ ആരും ഈ വഴി ഉപയോഗിക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.