എടക്കര: മൂത്തേടം പൂളക്കപ്പാറയില്‍ പുന്നപ്പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് പേര്‍ക്ക് ചുമട്ട് തൊഴിലാളി രക്ഷകനായി. ബന്ധുവീട്ടില്‍ വിരുന്നെത്തിയ മൊറയൂര്‍ അരിമ്പ്ര സ്വദേശികളായ യുവാവും കൗമാരക്കാരനുമാണ് പുന്നപ്പുഴയുടെ പൂളക്കപ്പാറ ട്രാന്‍സ്ഫോര്‍മറിന് സമീപത്തെ കടവില്‍ ഒഴുക്കിൽപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
ചുമട്ട് തൊഴിലാളിയായ വെള്ളമുണ്ട ആലിക്കുട്ടി (51) ലോറിയില്‍ മരം കയറ്റിയ ശേഷം നെല്ലിക്കുത്ത് കടവില്‍ കുളിക്കാനെത്തിയതാണ് ഇവര്‍ക്ക് തുണയായത്. സാധാരണ പുഴയില്‍ കുളിക്കാന്‍ പോകാത്ത ആലിക്കുട്ടി വസ്ത്രം മുഴുവന്‍ ചളിയായതിനാലാണ് പുഴയിലെത്തിയത്. ഈ സമയം രണ്ട് പേര് വെള്ളത്തിന് മുകളില്‍ കൈകളിട്ടടിച്ച് ഒഴുകി വരുന്നത് കണ്ടു. നാട്ടുകാരായ യുവാക്കളായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, നാട്ടുകാരല്ലെന്നും അപകടത്തിൽപ്പെട്ടതാണെന്നും മനസ്സിലായതോടെ കുത്തൊഴുക്കും പാറക്കെട്ടുകളുമുള്ള കടവിലേക്ക് എടുത്ത് ചാടി പതിനാറുകാരനെ കൈക്ക് പിടിച്ച് ഒരുവിധത്തില്‍ രക്ഷപ്പെടുത്തി കരക്ക് കയറ്റി. അപ്പോഴേക്കും മറ്റേയാള്‍ മുപ്പത് മീറ്ററോളം താഴേക്കെത്തിയിരുന്നു. കടവിന് താഴത്തായി ഉണ്ടായിരുന്ന ഒരാളോട് ഒഴുകി വരുന്നയാളെ നോക്കാന്‍ പറഞ്ഞശേഷം വീണ്ടും പുഴയിലേക്ക് ചാടി ഇയാളെയും കരക്ക് കയറ്റി. ഇയാള്‍ ബോധരഹിതനായതിനാല്‍ കമഴ്ത്തിക്കിടത്തി ഉള്ളില്‍നിന്ന് വെള്ളം ഒഴിവാക്കി. അപ്പോഴേക്കും സമീപത്തെ ജലനിധി പമ്പ് ഓപറേറ്ററും കുറച്ച് യുവാക്കളും ഓടിയെത്തി അവശരായ ഇരുവരെയും എടക്കരയിലെ സ്വകാര്യ അശുപത്രിയിലെത്തിച്ചു.
ഒഴുക്കിൽപ്പെട്ട കടവില്‍നിന്ന് 400 മീറ്റര്‍ അകലെ നെല്ലിക്കുത്ത് കടവില്‍ നിന്നാണ് ഇരുവരെയും രക്ഷിക്കാനായത്. നാല് പേരാണ് പൂളക്കപ്പാറയിലെ ബന്ധുവീട്ടില്‍ വിരുന്നെത്തിയതെന്ന് പറയുന്നു. റബർ ട്യൂബ് ഉപയോഗിച്ച് പുഴയില്‍ കളിക്കുന്നതിനിടയിലാണ് രണ്ട് പേര് ഒഴുക്കിൽപ്പെട്ടത്. കുറച്ചുകൂടി താഴേക്ക് പോയിരുന്നുവെങ്കില്‍ കയമായതിനാല്‍ ഇവരെ രക്ഷിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് ആലിക്കുട്ടി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.