എടപ്പാൾ: പൈപ്പ് വഴി ഗാർഹിക ഉപഭോക്താക്കൾക്ക് പാചകവാതകം നൽകുന്ന പെട്രോളിയം നാച്വറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിന്റെ സിറ്റി ഗ്യാസ് പദ്ധതി വ്യാപിപ്പിക്കുന്നു. നാല് മാസത്തിനകം എടപ്പാൾ, ചങ്ങരംകുളം മേഖലയിലെ മുഴുവൻ വീടുകളിലേക്കും കണക്ഷൻ നൽകാനാണ് ശ്രമം.
ഇതുവരെ ജില്ലയിൽ ആയിരത്തിലധികം വീടുകളിലേക്ക് കണക്ഷൻ നൽകിക്കഴിഞ്ഞു. ഗെയിലിന്റെ തൃശൂർ ജില്ലയിലെ പൈപ്പ്ലൈൻ വഴിയാണ് എടപ്പാൾ, ചങ്ങരംകുളം മേഖലയിലെ വീടുകളിലേക്ക് പാചക വാതകം വിതരണം ചെയ്യുന്നത്.
അപേക്ഷ ലഭിക്കുന്നതിനനുസരിച്ച് വാട്ടർ കണക്ഷൻ മാതൃകയിൽ വീട്ടിലെ അടുക്കളയിലേക്ക് നേരിട്ട് ലൈൻ സ്ഥാപിച്ച് നൽകും. ജില്ലയിൽ മഞ്ചേരിയിലാണ് ആദ്യം നടപ്പാക്കിയത്. മലപ്പുറം, കോട്ടക്കൽ നഗരസഭകളിൽ പദ്ധതി പുരോഗമിച്ച് വരികയാണ്. ഒരു വർഷത്തിനുള്ളിൽ ജില്ലയിലെ 50 ശതമാനം പ്രദേശങ്ങളിൽ പദ്ധതി നടപ്പാക്കുമെന്ന് പദ്ധതിയുടെ ചുമതലയുള്ള ഇന്ത്യൻ ഓയിൽ അദാനി ഗ്രൂപ്പ് പ്രതിനിധി എം.സൂരജ് പറഞ്ഞു.
മുഴുവൻ സമയവും പാചകവാതകം ലഭ്യമാകുമെന്നും എൽ.പി.ജിയെക്കാൾ 30 ശതമാനം ചെലവ് കുറവാണെന്നും ഇവർ പറയുന്നു. മീറ്റർ അളവുപ്രകാരമുള്ള തുക നൽകിയാൽ മതിയാ കും. പൈപ്പ്ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിലെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾക്കും പാചകവാതകം ലഭ്യമാക്കും.
എം.എം.ബി.ടി.യു (മെട്രിക് മില്യൻ ബ്രിട്ടിഷ് തെർമൽ യൂനിറ്റ്) അളവിലാണ് വാതക ഉപയോഗത്തിന്റെ കണക്കെടുക്കുക. ഒരു എം.എം.ബി.ടി.യു എന്നാൽ 26.92 കിലോ ഗ്രാമാണ്. ഇതിന് 1620 രൂപ 65 പൈസയാകും നിലവിൽ ഈടാക്കുക. തിരിച്ചറിയൽ രേഖ നൽകി വീടുകളിലേക്ക് കണക്ഷനെടുക്കാം.
കണക്ഷൻ എടുത്ത ഉപഭോക്താവ് മാസങ്ങളോളം സ്ഥലത്തില്ലെങ്കിൽ അധികൃതരെ നേരത്തെ അറിയിച്ച് ഡിസ്കണക്ട് ചെയ്യാം. ര ണ്ടുമാസത്തിലൊരിക്കൽ കമ്പനിയുടെ ഉദ്യോഗസ്ഥൻ എടുക്കുന്ന മീറ്റർ റീഡിങ്ങിന്റെ അടിസ്ഥാനത്തിലായിരിക്കും ബില്ല് നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.