എടപ്പാൾ: ഫുട്ബാൾ സ്റ്റേഡിയത്തിൽ ഇനി മുതൽ പൊതുജനങ്ങൾക്കും കളിക്കാം. ചൊവ്വാഴ്ച ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. 2021 ഫ്രെബുവരി മാസത്തിലാണ് സ്റ്റേഡിയം നാടിന് സമർപ്പിച്ചത്.
പ്രദേശവാസികളുടെയും ക്ലബുകളുടെയും പ്രധാന കളിസ്ഥലമായിരുന്ന എടപ്പാൾ ഹൈസ്കൂൾ ഗ്രൗണ്ട് നവീകരണത്തിന് ശേഷം പൊതുജനങ്ങൾക്കും കായികപ്രേമികൾക്കും പ്രവേശനം നിയന്ത്രിച്ചത് ആശങ്കയായിരുന്നു. ഇതിനാണ് അന്തിമ തിരുമാനമായിരിക്കുന്നത്.
പൊതുജനങ്ങൾക്ക് ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ ആറ് മുതൽ എട്ട് വരെ ഗ്രൗണ്ട് സൗജന്യമായി തുറന്ന് നൽകും. മറ്റു ദിവസങ്ങളിൽ ക്ലബുകൾക്കും ടീമുകൾക്കും വൈകീട്ട് അഞ്ച് മുതൽ ഏഴ് വരെ മണിക്കൂറിന് 1000 രൂപ നിരക്കിൽ ഗ്രൗണ്ട് ഉപയോഗിക്കാം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന പരിപാടികൾക്ക് സൗജന്യമായി ഗ്രൗണ്ട് വിട്ടുനൽകാനും ധാരണയായി.
സ്പോർട്സ് കൗൺസിൽ ജില്ല പ്രസിഡന്റ് ശ്രീകുമാർ, മലപ്പുറം ജില്ല പഞ്ചായത്ത് അംഗം അഡ്വ. പി.പി. മോഹൻദാസ്, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ് തുടങ്ങിയവർ സംസാരിച്ചു.
എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ 5.87 ഏക്കർ ഭൂമിയിലാണ് സ്റ്റേഡിയം നിലനിൽക്കുന്നത്. ഫ്ലഡ്ലൈറ്റ്, നാച്വറൽ ടർഫ്, ഓട്ടോമാറ്റഡ് സ്പ്രിംഗ്ലർ സിസ്റ്റത്തോടു കൂടിയ ഫിഫ അംഗീകൃത ഇലവൻസ് ഫുഡ്ബാൾ കോർട്ട് എന്നിവക്ക് പുറമെ കളിക്കാർക്കുള്ള മുറികൾ, മെഡിക്കൽ റൂം, ഫിസിക്കൽ എജുക്കേഷൻ റൂം, മീഡിയ റൂം, സ്റ്റോർ റൂം, ലേഡീസ് & ജെന്റ്സ് ടോയ്ലറ്റ് എന്നീ സൗകര്യങ്ങളോടുകൂടിയ എമിനിറ്റി സെന്ററും ഇവിടെ ഒരുക്കിയിട്ടുണ്ട്. 6.87 കോടി രൂപ ചെലവിലാണ് നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.