എടപ്പാൾ: പരത്തുള്ളി രവീന്ദ്രന് കിട്ടിയ ഗാനരചനക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ ‘ഗുരുപൂജ’ പുരസ്കാരത്തിൽ അഭിമാനത്തിലാണ് എടപ്പാളുക്കാരും. ചേലേമ്പ്രയിലാണ് താമസമെങ്കിലും എടപ്പാളിലെ കാലടിത്തറയിൽ മതിലകത്ത് ഗോവിന്ദമേനോന്റെയും പരത്തുള്ളി കുഞ്ഞിലക്ഷ്മിയമ്മയുടെയും മകനായി 1944 സെപ്റ്റംബർ എട്ടിനാണ് രവീന്ദ്രൻ ജനിച്ചത്. കാളാച്ചാൽ, വട്ടംകുളം, കുമരനെല്ലൂര്‍ എന്നീ സ്കൂളുകളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
എടപ്പാളിലും പരിസരങ്ങളും നാടകപ്രവര്‍ത്തനങ്ങളുമായി നടന്നിരുന്ന യൗവനകാലത്താണ് രവീന്ദ്രന് സിനിമയിലേക്ക് അവസരം കിട്ടുന്നത്. 1977 പരത്തുള്ളി തന്നെ കഥയും തിരക്കഥയും സംഭാഷണവും ഗാനരചനയും നിർവഹിച്ച ‘പല്ലവി’ എന്ന സിനിമ പുറത്തിറങ്ങുന്നത്. ഇതിൽ യേശുദാസ് പാടിയ ദേവീക്ഷേത്രനടയില്‍ ദീപാരാധന വേളയില്‍ എന്ന തുടങ്ങുന്ന ഗാനമാണ് പരത്തുള്ളി രവീന്ദ്രനെ പ്രശസ്തനാക്കിയത്. കുടുംബക്ഷേത്രം കൂടിയായ കാലടിത്തറ ദേവീക്ഷേത്രത്തില്‍ ദീപസ്തംഭം തെളിയിച്ചുനിന്ന നേരത്താണ് വരികൾ ഈ ഗാനം പിറന്നത്.
ഈ ഗാനത്തിന് യേശുദാസിന് സംസ്ഥാന അവാർഡ് ലഭിച്ചു. നിരവധി പുരസ്കാരങ്ങൾ പല്ലവി നേടിയെടുത്തു. ഒരുകാലത്ത് പരത്തുള്ളി എടപ്പാളിൽ ചിറ്റ്സ് സ്ഥാപനത്തിൽ ജോലിക്ക് ചെയ്തിരുന്നു. ഇവിടെ വെച്ചാണ് അടുത്ത സുഹൃത്തായി മാറിയ കെ.സി. മുഹമ്മദിനെ പരിചയപ്പെടുന്നത്. ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിൽ അടുപ്പക്കാരും ബന്ധുക്കളും എല്ലാം കൈയൊഴിഞ്ഞപ്പോൾ ചോദിക്കാതെ തന്നെ സഹായവുമായി എത്തിയത് മുഹമ്മദായിരുന്നു. ഭാര്യയുടെ കാതിലെ ചിറ്റ് മുറിച്ചെടുത്ത് വിറ്റ് കാര്യങ്ങൾ ചെയ്യാൻ ഏൽപ്പിക്കുകയായിരുന്നു. മുഹമ്മദുമായുള്ള സൗഹൃദത്തിന്റെ കഥയാണ് ‘പല്ലവി’.
പിന്നീട് ചുണക്കുട്ടികള്‍ എന്ന ചിത്രത്തിനുവേണ്ടി വരികൾ എഴുതി. ദേവരാജൻ ആയിരുന്നു സംഗീതം, പാട്ടുകള്‍ പുറത്തുവന്നെങ്കിലും പടം ഇറങ്ങിയില്ല. പ്രൊഫഷനല്‍ നാടകരംഗത്തും റേഡിയോ നാടകങ്ങളിലും പരത്തുള്ളി രവീന്ദ്രന്റെ സംഭാവനകളുണ്ട്. ഒട്ടേറെ നാടകരചനയും പാട്ടെഴുത്തും നടത്തി അദ്ദേഹം ശ്രദ്ധനേടിയിട്ടുണ്ട്. ‘വൈശാലി’ എന്നൊരു നാടകത്തിനുവേണ്ടിയും രചന നിര്‍വഹിച്ചിട്ടുണ്ട്. കെ.സി. മുഹമ്മദിന്റെ ഖബറിടം കാണാൻ അദ്ദേഹം എടപ്പാളിൽ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.