എടപ്പാൾ: പ്രതിദിനം എഴുനൂറോളം ഒ.പി ടിക്കറ്റ് വഴി രോഗികൾക്ക് ചികിത്സ നടത്തുന്ന എടപ്പാൾ സി.എച്ച്.സിയിൽ ഡോക്ടർമാർ ഇല്ലാതെ വലയുന്നു. ഏഴ് ഡോക്ടർമാർ വേണ്ടിടത്ത് നിലവിൽ നാല് പേരെ ഉള്ളൂ. ഒരാൾക്ക് മറ്റൊരു ജോലി കിട്ടിയതും വനിത ഡോക്ടറും മറ്റൊരു ഡോക്ടറും അവധിയിൽ പ്രവേശിച്ചതും ഒ.പിയുടെ പ്രവർത്തനം താളം തെറ്റിക്കുന്നു. സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ ഒഴിവുകളുമുണ്ട്.
പാരാമെഡിക്കൽ സ്റ്റാഫ് ഇല്ലാത്തതിനാൽ ഫാർമസി, ലബോറട്ടറി എന്നിവയുടെ പ്രവർത്തനവും അവതാളത്തിലാണ്.സി.എച്ച്.സിയോട് ചേർന്ന് ഒരു കോടി രൂപ ചെലവിൽ നിർമിച്ച മാതൃ-ശിശു ആശുപത്രി കെട്ടിടം വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുകയാണ്. നിലവിലെ കെട്ടിടത്തിൽ സൗകര്യമില്ലാത്തതിനാൽ നിർമിച്ച കെട്ടിടത്തിന് തുറക്കും മുമ്പ് അടച്ചുപൂട്ടാനായിരുന്നു വിധി.
കോടികൾ ചെലവിട്ട് നിർമിച്ച കെട്ടിടം ഉപയോഗപ്പെടുത്തി ഗൈനക്കോളജിസ്റ്റിനെയും പാരാ മെഡിക്കൽ ജീവനക്കാരെയും നിയമിച്ചാൽ ഇവിടെ പ്രസവസംബന്ധമായ ചികിത്സകൾ നടത്താനാകും. നിർധനരായ ഒട്ടേറെ പേർക്ക് ഇതിന്റെ ഗുണം ലഭിക്കും. നേരത്തേ സംസ്ഥാനത്ത് ഏറ്റവുമധികം പ്രസവം നടന്ന ആശുപത്രിയെന്ന ഖ്യാതി നേടിയ ആശുപത്രിയാണിത്. പൊന്നാനി കേന്ദ്രീകരിച്ച് മാതൃ-ശിശു ആശുപത്രി ഉള്ളതിനാൽ എടപ്പാളിൽ ഡെലിവറി പോയന്റ് സാധ്യമല്ലെന്ന മുടന്തൻ ന്യായമാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.