എടപ്പാൾ: നടുവട്ടം അയിലക്കാട് റോഡിൽ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്വകാര്യ കമ്പനി തുടങ്ങാൻ പോകുന്ന മാലിന്യ പ്ലാൻറിനെതിരെ പ്രദേശവാസികൾ രംഗത്ത്. പൊന്നാനി താലൂക്കിൽപ്പെട്ട ഹോട്ടലുകളിലെയും ബേക്കറികളിലെയും മലിനജലവും മറ്റു മാലിന്യ
വസ്തുക്കളും ലോറികളിൽ ശേഖരിച്ചുകൊണ്ടുവന്ന് പ്രതിദിനം രണ്ടുലക്ഷം ലിറ്റർ മാലിന്യം സംസ്കരിക്കാൻ ഉദ്ദേശിച്ചാണ് ഇവിടെ പ്ലാൻറ് നിർമിക്കാൻ പോകുന്നത്. നേരത്തേ മറ്റു സ്ഥലങ്ങളിൽ പ്ലാൻറ് നിർമിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും എതിർപ്പുമൂലം അവിടെ നിന്നെല്ലാം പിന്തിരിയുകയായിരുന്നു.
ഇരുന്നൂറോളം കുടുംബങ്ങൾ താമസിക്കുന്ന ജനവാസ കേന്ദ്രത്തിലാണ് പ്ലാൻറ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. വീടുകളിലെ കിണറുകളിൽ മാലിന്യം ചേരാൻ ഇടയാകുമെന്നും മനുഷ്യജീവിതം ദുസ്സഹമാകുന്നതും, മലിനഗന്ധവും കൊതുകുശല്യവും അതുമൂലം രോഗം പടർന്ന് പിടിക്കാൻ സാധ്യതയുമുള്ളതിനാലാണ് പദ്ധതിയെ എതിർക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. പദ്ധതിക്കെതിരെ രാഷ്ട്രീയ കക്ഷികളെയും പൊതു പ്രസ്ഥാനങ്ങളെയും ഉൾകൊള്ളിച്ച് ജനകീയ സമിതി രൂപവത്കരിച്ച് കേരള ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ് നാട്ടുകാർ. കോടതിയുടെ പരിഗണനയിലുള്ള കേസിൽ നിർമാണങ്ങൾ നടത്തുന്നത് സംബന്ധിച്ച് ചങ്ങരംകുളം പൊലീസിൽ പരാതി പറഞ്ഞെങ്കിലും പദ്ധതിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും പ്ലാൻറ് ഉടമയുമായി സമവായത്തിൽ എത്താൻ ചങ്ങരംകുളം സി.ഐ നിർദേശിച്ചതായും ജനകീയ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പദ്ധതിക്കെതിരെ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ജനകീയ സമിതിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ പി.പി. മുസ്തഫ, മുഹമ്മദാലി, കെ.പി. സൈഫുദ്ദീൻ, നടരാജൻ, ഹംസ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.