എടപ്പാൾ: ഒരു നാട് കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒന്നിച്ചപ്പോൾ അസാധ്യമായ റോഡ് വീതി കൂട്ടൽ സാധ്യമാക്കി വട്ടംകുളം പഞ്ചായത്തിലെ ചിറ്റഴിക്കുന്ന് പ്രദേശം മാതൃക തീർത്തു. വർഷങ്ങളായുള്ള ചിറ്റഴിക്കുന്ന്-കക്കിടിപ്പുറം റോഡ് വികസനമെന്ന ആവശ്യത്തിനാണ് പരിഹാരമാകുന്നത്. പ്രദേശവാസികളും പഞ്ചായത്തും സംയുക്തമായാണ് റോഡ് വികസനം നടപ്പാക്കുന്നത്. ചിറ്റഴിക്കുന്ന്-കക്കിടിപ്പുറം റോഡ് വീതി കുറവായതിനാൽ വലിയ വാഹനങ്ങൾക്ക് കടന്ന് പോകാൻ വലിയ പ്രയാസമായിരുന്നു. ഒരു കിലോമീറ്ററോളം റോഡ് വീതി കൂട്ടുക എന്നത് പ്രായോഗികമായിരുന്നില്ല. കാരണം റോഡിന്റെ ഇരുവശങ്ങളിലും മതിലുകൾ ഉള്ളതിനാലും സ്വകാര്യ വ്യക്തികളുടെ ഭൂമിയായത്തിനാലും ആവശ്യമായ ഭൂമി വിട്ടു കിട്ടിയിരുന്നില്ല. പഞ്ചായത്ത് പ്രസിഡന്റിന്റെയും വാർഡ് മെംബർമാരുടെയും നേതൃത്വത്തിൽ സർവകക്ഷി യോഗം വിളിക്കുകയും യോഗത്തിൽ വികസനത്തിന് വേണ്ടി ഒരുമിച്ചിറങ്ങാൻ തീരുമാനിക്കുകയുമായിരുന്നു.
റോഡിനു ഇരുവശങ്ങളിലും ഭൂമിയുള്ള വ്യക്തികളെ സർവകക്ഷി നേതാക്കൾ കാണുകയും അവർ സമ്മതമറിയിക്കുകയും ചെയ്തു. ഇതോടൊപ്പം പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ജനകീയ വികസന സമിതിയും രൂപവത്കരിച്ചു. നാടിന്റെ ആവശ്യത്തിന് സൗജന്യമായി സ്ഥലം വിട്ടു നൽകാൻ തയാറായി. വികസനത്തിനായി പ്രവാസികൾ ഉൾപ്പെടെ നാട്ടുകാരാണ് രംഗത്തിറങ്ങിയിരിക്കുകയാണ്. ഇരുഭാഗവും വീതി കൂട്ടിയാൽ ഈഭാഗം കോൺക്രീറ്റ് ചെയ്തു നൽകാമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകിയതോടെ എല്ലാ പ്രതിസന്ധികളും തരണം ചെയ്യാൻ നാട്ടുകാർ ഒരുമിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.