എടപ്പാൾ: തട്ടാൻപടിയിലെ വാടക ക്വാർട്ടേഴ്സിൽ മോഷണം. ചൊവ്വാഴ്ച പുലർച്ചയാണ് സംഭവം. മുൻവാതിലിന്റെ കുറ്റിയിളക്കിയാണ് മോഷ്ടാവ് അകത്തുകയറിയത്. ശബ്ദംകേട്ട് വീട്ടുകാർ എഴുന്നേറ്റതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. അലമാരയിൽ സൂക്ഷിച്ച 3000 രൂപ കവർന്നു.
പൊലീസെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ പൊന്നാനിയിലെ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണം അരങ്ങേറിയതിന് പിന്നാലെ എടപ്പാൾ മേഖലയിലും തസ്കരശല്യം രൂക്ഷമാണ്. അടുത്തിടെ പൊന്നാനിയിലെ 25ഓളം കടകളിലാണ് മോഷണം നടന്നത്. രണ്ടാഴ്ച മുമ്പ് എടപ്പാൾ പൊറുക്കരയിൽ 14 പവൻ ആഭരണം മോഷണം പോയിരുന്നു. ഇതിന് പിന്നാലെ പെരുമ്പറമ്പിൽ രഞ്ജിത്തിന്റെ വീട് കുത്തിത്തുറന്ന് നാലുപവനും കവർന്നിരുന്നു. ബന്ധുവീട്ടിൽ മരണാന്തര ചടങ്ങിൽ പങ്കെടുക്കാൻ വീട് പൂട്ടി പോയതായിരുന്നു വീട്ടുകാർ. തൊട്ടടുത്ത വീട്ടുകാർ രാത്രിയിൽ ലൈറ്റിട്ട് വെക്കുകയും പുലർച്ച ലൈറ്റ് ഓഫ് ചെയ്ത് കണ്ടതോടെ ഫോൺ ചെയ്ത് ചോദിച്ചപ്പോഴാണ് തിരിച്ച് എത്തിയിട്ടില്ലെന്ന് അറിഞ്ഞത്. തുടർന്ന് വന്ന് നോക്കിയപ്പോഴാണ് വീട് കുത്തി തുറന്നിരിക്കുന്നത് കണ്ടത്.
വീട്ടുകാരെ വിവരം അറിയിച്ചതോടെ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. അതേദിവസം എടപ്പാൾ പൂക്കരത്തറ ബോംബെ പടിയിൽ താമസിക്കുന്ന കിഴക്കെത്തയിൽ ഹസ്സൈനാറിന്റെ വീട്ടിലും മോഷണ ശ്രമം നടന്നു. പത്തുദിവസമായി വീട് പൂട്ടി കിടക്കുകയായിരുന്നു. ഹസ്സൈനാറിന്റെ ഭാര്യ തന്റെ വീട്ടിൽനിന്ന് തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.