എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ ഓടുന്ന കെ.എസ്.ആർ.ടി.സിയുടെ ഗ്രാമ വണ്ടിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ യാത്ര അനുവദിക്കാൻ പഞ്ചായത്ത് ബോർഡ് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അനുവാദം ലഭിക്കുന്ന മുറക്ക് മാർഗരേഖയിൽ മാറ്റം വരുത്തി കെ.എസ്.ആർ.ടി.സിക്ക് ബാധ്യതയില്ലാതെ ഫണ്ട് കണ്ടെത്താൻ പഞ്ചായത്ത് ഒരുക്കമാണെന്ന് പ്രസിഡന്റ് കഴുങ്കിൽ മജീദ് പറഞ്ഞു.
തമിഴ്നാട്ടിലും കർണാടകയിലും നടപ്പാക്കിയ സ്ത്രീ സൗജന്യ യാത്ര മാതൃക കേരളത്തിലും അനുവദിക്കണം. എല്ലാ പഞ്ചായത്തിലും ബ്ലോക്കിലും മണ്ഡലത്തിലും ഗ്രാമവണ്ടികൾ നടപ്പാക്കുന്നത് വഴി സ്കൂൾ കുട്ടികൾക്ക് കൺസഷൻ അനുവദിക്കുന്നതിന് വേണ്ടി ചിട്ടപ്പെടുത്തിയ ഒരു സമയക്രമം ഓരോ ഉൾനാടൻ പ്രദേശങ്ങൾക്കും ക്രമീകരിക്കാൻ സാധിക്കും. കൂടാതെ സാമ്പത്തിക-സമയ ലാഭം നേടാൻ കഴിയുമെന്നും പ്രസിഡന്റ് പറഞ്ഞു.
പ്രസിഡന്റ് മജീദ് കഴുങ്കിൽ അവതാരകനായും വികസനസമിതി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ. നജീബ് അനുവാദകനുമായാണ് പ്രമേയം കൊണ്ടുവന്നത്. ബോർഡ് യോഗത്തിൽ സമ്മിശ്ര പ്രതികരണമുണ്ടായി. ചർച്ചയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ. നജീബ്, വൈസ് പ്രസിഡന്റ് ദീപ മണികണ്ഠൻ, ഹസ്സൈനാർ നെല്ലിശേരി, ദിലീപ് എരുവാപ്ര, റാബിയ, അനിത, സുധാകരൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.