മലപ്പുറം: കേരള ഗ്രാമീൺ ബാങ്ക് മലപ്പുറം ഹെഡ് ഓഫിസിൽ തീപിടിത്തം. ശനിയാഴ്ച രാത്രി എട്ടരയോടെ ബാങ്കിന്റെ ഒന്നാംനിലയിലെ ഐ.ടി വിഭാഗം മുറിയിലാണ് തീപടർന്നത്. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. കമ്പ്യൂട്ടറുകളും എ.സിയും ഫർണിച്ചറും കത്തിനശിച്ചതായാണ് വിവരം. മുണ്ടുപറമ്പിൽനിന്ന് രണ്ട് ഫോഴ്സ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. കമ്പ്യൂട്ടർ റൂമിൽ പ്രവേശിച്ച് വെന്റിലേഷൻ തുറന്ന് പുകപടലം മാറ്റി രണ്ട് വാഹനങ്ങളിൽനിന്നും വെള്ളം പമ്പ് ചെയ്തതിനാൽ തീയുടെ വ്യാപനം തടയാൻ കഴിഞ്ഞു.
ജനൽ വഴിയാണ് മുറിയിലേക്ക് വെള്ളമടിക്കുന്ന ഹോസ് എത്തിച്ചത്. മുറിയാകെ പുക പടർന്നതിനാൽ ഏറെ പണിപ്പെട്ടാണ് അഗ്നിരക്ഷാ സേന അകത്തേക്ക് പ്രവേശിച്ചത്. ബാങ്ക് ജീവനക്കാർ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. പ്രധാനപ്പെട്ട രേഖകൾ നശിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. തീപിടിത്ത സമയത്ത് സ്ഥാപനത്തിൽ സെക്യൂരിറ്റി അടക്കം ഏതാനും ജീവനക്കാരുണ്ടായിരുന്നു. ഇവർ അറിയിച്ചതിനെ തുടർന്നാണ് അഗ്നിരക്ഷാ സേന ഉടനെ സംഭവ സ്ഥലത്തെത്തിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഇസ്മായിൽ ഖാൻ, സീനിയർ ഓഫിസർമാരായ കെ. പ്രതീഷ്, എസ്. ലെനിൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ സി.പി. അൻവർ, വി.പി. നിഷാദ്, ടി. ജാബിർ, കെ.പി. ഷാജു, അമൽ, അശോക് കുമാർ, പ്രമോദ് കുമാർ, കൃഷ്ണകുമാർ, സിവിൽ ഡിഫൻസിലെ ബിജി പ്രസാദ്, ഫാവാസ് എന്നിവർ ചേർന്നാണ് തീ കെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.