തുവ്വൂർ: ഉമ്മുസൽമ എന്ന ഉമ്മയുടെ മനമലിയും തേട്ടം ഒടുവിൽ പടച്ചവൻ കേട്ടു. 23ാം വയസ്സിൽ നാടുവിട്ട മകൻ 43ാം വയസ്സിൽ കൺമുന്നിൽ വന്നു. പ്രിയമകനെ മാറോട് ചേർത്തുപിടിച്ച് ആ ഉമ്മ കണ്ണുനിറച്ചു... അൽഹംദുലില്ലാ. തുവ്വൂർ പായിപ്പുല്ലിലെ പരേതനായ ചെമ്പൻകുഴിയിൽ മുഹമ്മദിന്റെ വീട്ടിലാണ് കഴിഞ്ഞദിവസം ആനന്ദത്തിന്റെ പുനഃസമാഗമമുണ്ടായത്.
ഉമ്മുസൽമയുടെ മകൻ ഹാരിസ് 2002ൽ ഉംറക്കായി സൗദിയിൽ പോയതാണ്. തുടർന്ന് മൂന്നുവർഷം അവിടെ ജോലിനോക്കി. പിന്നീട് ഹാരിസിനെ കാണാതാവുകയായിരുന്നു. നാട്ടുകാരായ പ്രവാസികൾ സൗദിയിലും വീട്ടുകാർ നാട്ടിലും വർഷങ്ങളോളം അന്വേഷണം നടത്തി. നിരാശയായിരുന്നു ഫലം. മൂന്നുവർഷം സൗദിയിൽ ജോലി ചെയ്ത ഹാരിസ് പിന്നീട് മുംബൈയിലെത്തുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിലൂടെ അലഞ്ഞ് പലതരം ജോലികൾ ചെയ്തു. കുറെ ഭാഷകളും പഠിച്ചു. കുടുംബത്തെ മറന്ന ഹാരിസിന് ഒടുവിൽ ഉമ്മയുടെ മുഖം മനസ്സിൽ തെളിഞ്ഞു. അങ്ങനെയാണ് വീടണയണമെന്ന മോഹമുദിച്ചത്. ചൊവ്വാഴ്ച രാത്രിയോടെ പായിപ്പുല്ലിലെ വീട്ടിലെത്തുകയും ചെയ്തു. നീണ്ട 21 കൊല്ലങ്ങൾക്ക് ശേഷം ഹാരിസ് നാട് വിടുന്നതിന് മുമ്പ് തന്നെ പിതാവ് മുഹമ്മദ് മരിച്ചിരുന്നു. ഏഴ് സഹോദരങ്ങളുണ്ട് ഹാരിസിന്. ഇവരിൽ റംല എന്ന സഹോദരി ഈയിടെയാണ് മരിച്ചത്. അവിവാഹിതനാണ് ഹാരിസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.