മലപ്പുറം: ജല്‍ ജീവന് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ സുരേഷിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലതല ജല ശുചിത്വ മിഷന് യോഗം തീരുമാനിച്ചു. ജില്ലയില്‍ 7,97,512 ഗ്രാമീണ വീടുകളാണ് നിലവിലുള്ളത്. ഇതില്‍ പദ്ധതി നിലവില്‍വന്ന ശേഷം 1,94,315 കണക്ഷനുകൾ നല്‍കിയതായും ഇനി 4,59,621 ജല കണക്ഷനുകള്‍ നല്‍കാനുള്ളതായും വാട്ടര്‍ അതോറിറ്റി മലപ്പുറം ഡിവിഷന് എക്സിക്യൂട്ടിവ് എൻജിനീയര്‍ ടി.എന്‍. ജയകൃഷ്ണന് അറിയിച്ചു. പദ്ധതിക്കായി ജില്ലയില്‍ രണ്ടിടങ്ങളിലായി 65 സെന്റ് സർക്കാർ ഭൂമി ലഭിക്കാനുണ്ട്. തൃക്കലങ്ങോട്, പോരൂർ, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകൾക്കായുള്ള കുടിവെള്ള പദ്ധതിക്ക് വഖഫ് ബോർഡിന്റെ കൈവശമുള്ള 40 സെന്റ് ഭൂമിയും ലഭിക്കണം.
വണ്ടൂർ, തുവ്വൂർ, കരുവാരകുണ്ട്, കാളികാവ്, എടപ്പറ്റ ഗ്രാമപഞ്ചായത്തുകൾക്കായുള്ള കുടിവെള്ള പദ്ധതിക്ക് ജലസംഭരണി നിര്‍മിക്കാൻ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിൽ 25 സെന്റ് റവന്യൂ ഭൂമിയാണ് വേണ്ടത്. ചുങ്കത്തറ, പോത്തുകല്ല്, തൃപ്രങ്ങോട്, പാണ്ടിക്കാട്, കരുളായി, മേലാറ്റൂർ എന്നിവിടങ്ങളിലായി 478 സെന്റ് സ്വകാര്യ ഭൂമിയും ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തും. യോഗത്തില്‍ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, പൊതുമരാമത്ത് വകുപ്പ്, വാട്ടര്‍ അതോറിറ്റി വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.