പെരുവള്ളൂർ: പെരുവള്ളൂരിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കിണർ വെള്ളത്തിൽനിന്ന് മഞ്ഞപ്പിത്തം പടർന്നുപിടിച്ച സാഹചര്യത്തിൽ സ്കൂളിനെതിരെ കർശന നടപടിക്കൊരുങ്ങി ആരോഗ്യ വകുപ്പ്. സ്കൂളിൽ സ്ഥാപിച്ച വാട്ടർ പ്യുരിഫയറിൽനിന്ന് വെള്ളം കുടിച്ച വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ 280പേർക്കാണ് വെള്ളിയാഴ്ച വരെ രോഗം സ്ഥിരീകരിച്ചത്. ഫെബ്രുവരിയിൽ ഒരു വിദ്യാർഥിക്കും അധ്യാപകനുമാണ് ആദ്യം രോഗം ബാധിച്ചത്.
ഇക്കാര്യം സ്കൂൾ അധികൃതർ തങ്ങളെ അറിയിക്കാതെ ഒളിച്ചു വെച്ചതാണ് സ്ഥിതി ഇത്ര മേൽ വഷളാക്കിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. മാർച്ചിൽ സ്കൂളിലെ വിദ്യാർഥി രോഗ ലക്ഷണങ്ങളോടെ പെരുവള്ളൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു.
തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് കിണർ വെള്ളമാണ് കാരണമെന്ന് കണ്ടെത്തിയത്. ഇതോടെ സ്കൂളിന്റെ പ്രവർത്തനം അധികൃതർ നിർത്തി വെപ്പിച്ചു.
സമീപ പഞ്ചായത്തുകളിൽ ഉൾപ്പെടെ ഇവിടെ പഠിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള 1,196 പേർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
പെരുവള്ളൂർ: മഞ്ഞപ്പിത്തം പടരുന്നത് പെരുവള്ളൂരിൽ കണ്ടെത്തിയിട്ട് മാസങ്ങളായെങ്കിലും അത് 200ലധികം കുട്ടികളിലേക്ക് പടരാനിടയായത് പഞ്ചായത്ത് ആരോഗ്യ അധികൃതരുടെ ഭാഗത്ത് നിന്ന് വേണ്ട ഇടപെടൽ ഇല്ലാത്തതു കൊണ്ടാണെന്ന് രാഷ്ട്രീയ ജനതാദൾ പെരുവള്ളൂർ പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. കെ.സി. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. കൊണ്ടാടൻ സെയ്ത്, എം.കെ. സുബ്രഹ്മണ്യൻ, എൻ.കെ. അബ്ദുൽ കരീം, നിസാം, പി.കെ. മുഹമ്മദ്, വി. മോഹനൻ, ടി. സന്തോഷ്, കെ. ശമീർ എന്നിവർ സംസാരിച്ചു.
പെരുവള്ളൂർ: പെരുവള്ളൂരിലും സമീപ പഞ്ചായത്തുകളിലും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇവിടങ്ങളിലേക്ക് അടിയന്തിരമായി മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്ന് പി. അബ്ദുൽ ഹമീദ് എം.എൽ.എ. ഇത് സംബന്ധിച്ച് കത്തിലൂടെയും ഫോൺ മുഖേനയും കലക്ടർ, ജില്ല മെഡിക്കൽ ഓഫിസർ എന്നിവർക്ക് നിർദേശം നൽകി. പെരുവള്ളൂരിൽ സ്കൂൾ വിദ്യാർഥികളും അധ്യാപകരും അടക്കം നിരവധി പേർക്ക് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിരുന്നു. ജനങ്ങളുടെ ആശങ്ക അകറ്റണം. മഞ്ഞപ്പിത്ത വ്യാപനം കൂടുതൽ പേരിലേക്ക് ഉണ്ടായിട്ടുണ്ടോ എന്നത് പരിശോധിച്ച് ഉറപ്പ് വരുത്തണം. രോഗ വ്യാപനം തടയുന്നതിനാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനായി പ്രത്യേക നടപടി വേണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.