കാളികാവ്: ഓൺലൈനിൽ വ്യാപാരം നടത്തുന്ന ഇ-കോമേഴ്സ് സ്ഥാപനങ്ങൾ നാട് കീഴടക്കിയതോടെ ചെറുകിട വ്യാപാരികൾ ആത്മഹത്യ മുനമ്പിൽ. ഗ്രാമീണ മേഖലയിൽ പൂട്ടിപ്പോയ വ്യാപാര സ്ഥാപനങ്ങളുടെ കണക്ക് ഞെട്ടിക്കുന്നതാണ്. സംഘടനകളുടെ കണക്കനുസരിച്ച് 10.5 ലക്ഷം വ്യാപാരികളാണ് സംസ്ഥാനത്തുള്ളത്. ഓരോ പഞ്ചായത്തിലും 20-25 ശതമാനം വ്യാപാര സ്ഥാപനങ്ങൾ പൂട്ടിയതായാണ് കണക്കാക്കുന്നത്. ലക്ഷക്കണക്കിന് അനുബന്ധ തൊഴിലാളികളും ഇതിലൂടെ വഴിയാധാരമാകുന്നു.
ഇ-കോമേഴ്സ് സ്ഥാപനങ്ങളുടെ കടന്നുകയറ്റമാണ് കാര്യമായി ബാധിച്ചത്. ഇതിനുപുറമെ കെട്ടിടവാടക ജി.എസ്.ടി കൂടി വന്നത് മറ്റൊരു പ്രതിസന്ധിയായതായും അയൽസംസ്ഥാനങ്ങൾ വ്യവസായ- വ്യാപാര സൗഹൃദമാകുമ്പോൾ കേരളം നികുതിയിതര നിബന്ധനകൾ കടുപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും വ്യാപാരികൾ പറയുന്നു. ഒരുതരത്തിലുള്ള നിയന്ത്രണമോ നിയമമോ ഫീസോ ആവശ്യമില്ലാത്ത ഓൺലൈൻ വ്യാപാരം സജീവമാണ്. ഓൺലൈൻ വ്യാപാരത്തിന് സെസ് ഏർപ്പെടുത്തണമെന്നാണ് വ്യാപാരി സംഘടനകളുടെ ആവശ്യം.
ഇതോടൊപ്പം, മാളുകളും തങ്ങൾക്ക് ഭീഷണിയായതായി ചെറുകിട വ്യാപാരികൾ പറയുന്നു. ആഗോള ഭീമൻമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇ-കോമേഴ്സ് സംവിധാനം. അതുവഴി പണം പുറത്തേക്ക് കടക്കുന്നത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെയും ബാധിക്കുന്നു. തുണിക്കടകളും ഗൃഹോപകരണ കടകളും കെട്ടിടവാടക പോലും നൽകാൻ കഴിയാത്ത അവസ്ഥയിലാണ്. റൂം ഫോർ റെൻറ്, പകുതി വിലക്ക് വിറ്റഴിക്കൽ തുടങ്ങിയ ബോർഡുകളാണ് അങ്ങാടികളിലെവിടെയും. വ്യാപാരികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുക, വായ്പയുടെ പലിശയിലെ നിശ്ചിത ശതമാനം വ്യാപാരികൾക്ക് തിരിച്ചു നൽകുക, ഇൻഷുറൻസ് പ്രീമിയത്തിന്റെ അമ്പത് ശതമാനം സബ്സിഡി നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് വ്യാപാരികൾ മുന്നോട്ടുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.