കാളികാവ്: വന്യമൃഗശല്യം രൂക്ഷമായതോടെ മലയോര കർഷകർ കടുത്ത പ്രയാസത്തിൽ. വന്യമൃഗശല്യം കാരണം കൃഷി ഉപേക്ഷിച്ചവർ ഏറെ. ഇടക്കിടെ കൃഷി ഭൂമിയിൽ ഇറങ്ങുന്ന കാട്ടാനകൾ തെങ്ങും കവുങ്ങും റബറും കൂട്ടത്തോടെ നശിപ്പിക്കുകയാണ്. സൈലൻറ് വാലി വനമേഖലയോട് ചേർന്ന സ്വകാര്യ തോട്ടങ്ങളിലാണ് കൂട്ടത്തോടെ കാട്ടാനകളെത്തുന്നത്. ആനകളെ തുരത്താൻ നിലവിൽ സംവിധാനങ്ങളുമില്ല. കൃഷി നാശത്തിനപ്പുറം കർഷകരുടെ ജീവനും കടുത്ത ഭീഷണി നേരിടുകയാണ്. ചിലയിടങ്ങളിലെല്ലാം ഇലക്ട്രിക് ഫെൻസിങ് സൗകര്യമുണ്ടെങ്കിലും അതൊന്നും കാട്ടാനശല്യത്തിന് മുന്നിൽ ഫലപ്രദമല്ല.
ചോക്കാട് പഞ്ചായത്തിലെ കല്ലാമൂല, വള്ളിപ്പൂള, നെല്ലിക്കര, ചിങ്കക്കല്ല്, നാൽപ്പത് സെൻറ് കാളികാവ് പഞ്ചായത്തിലെ മാഞ്ചോല, റാവുത്തൻകാട് മേഖലയിലാണ് വ്യാപകമായി ആനകളിറങ്ങുന്നത്. മലവാരത്തോട് ചേർന്ന ഭാഗങ്ങളിൽ കപ്പ, വാഴ, തുടങ്ങിയ കൃഷികൾ കർഷകർ പാടെ ഉപേക്ഷിച്ചു. പന്നിശല്യമാണ് കാരണം. യാതൊരു വിധ ഇടവിള കൃഷിയും മലയോരത്ത് ചെയ്യാനാവില്ല. മലയോരത്തെ നാട്ടിൻ പുറങ്ങളിലും കൂട്ടമായെത്തുന്ന പന്നിക്കൂട്ടങ്ങൾ വ്യാപകമായ നാശമാണ് വരുത്തുന്നത്.
നാട്ടിൻപുറങ്ങളിൽ നെൽകൃഷി പോലും നടത്താൻ കഴിയാത്ത സാഹചര്യമാണ് പന്നിക്കൂട്ടം വരുത്തുന്നത്. മേഖലയിൽ ഇടക്കിടെ പന്നിവേട്ട നടക്കുന്നുണ്ടെങ്കിലും പന്നിശല്യത്തിന് യാതൊരു കുറവും വരുത്തിയിട്ടില്ല. ഒറ്റരാത്രി കൊണ്ട് ഒരേക്കറോളം കപ്പ നശിപ്പിക്കാൻ പന്നിക്കൂട്ടങ്ങൾക്ക് കഴിയും. ഇപ്പോൾ മലയോരത്തേക്ക് കപ്പയെത്തുന്നത് വിദൂരദേശങ്ങളിൽ നിന്നാണ്. കാടിറങ്ങിയ പന്നിക്കൂട്ടങ്ങൾ നാട്ടിൻപുറത്തുള്ള കുറ്റിക്കാടുകളിൽ തന്നെ തങ്ങുകയാണ്.
നേരം ഇരുട്ടിയാൽ പുറത്തിറങ്ങുന്ന ഇവ ഒട്ടേറെ ബൈക്ക് യാത്രക്കാർക്കും അപകടം വരുത്തുന്നുണ്ട്. ചില കർഷകർ ഇലക്ട്രിക് വേലി നിർമിച്ചാണ് പന്നികളിൽനിന്ന് കൃഷി സംരക്ഷിക്കുന്നത്. ഇതിനു വലിയ സാമ്പത്തിക ചെലവ് വരുന്നതിനാൽ പല കർഷകർക്കും കഴിയുന്നില്ല.
ആനക്കും പന്നിക്കും പുറമെ പുലിശല്യവും വളർത്തു മൃഗങ്ങൾക്കും മനുഷ്യർക്കും ഈ മേഖലയിൽ കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ അടക്കാക്കുണ്ട് മേഖലയിൽനിന്ന് ആടുകളും വളർത്തുപട്ടികളുമടക്കം നൂറോളം ജീവികളെയാണ് പുലി കൊണ്ടുപോയത്. പല സന്ദർഭങ്ങളിലായി പുലിയെ പിടിക്കാൻ വനപാലകർ കൂട് സ്ഥാപിച്ചെങ്കിലും കൂട്ടിലാക്കാൻ കഴിഞ്ഞിട്ടില്ല.
വന്യമൃഗശല്യം കാരണം വൻ നഷ്ടം നേരിടുന്ന കർഷകർക്കും ജീവഹാനിയും മറ്റു നഷ്ടങ്ങളും നേരിടുന്നവർക്കും ആവശ്യമായ നഷ്ടപരിഹാരം കാലതാമസം കൂടാതെ നൽകണമെന്ന് കർഷക കോൺഗ്രസ് ജില്ല പ്രസിഡന്റ് എ.പി. രാജൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.