കരുളായി: പൂട്ടിക്കിടക്കുന്ന നെടുങ്കയം ബദൽ സ്കൂൾ എൽ.പി സ്കൂളാക്കി മാറ്റണമെന്ന് കോളനി നിവാസികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റി അദാലത്തിൽ ആവശ്യപ്പെട്ടു. നെടുങ്കയത്ത് ആദിവാസി കോളനികൾ ബാല സൗഹൃദങ്ങളാക്കി മാറ്റുന്നതിന് വെല്‍ഫെയര്‍ കമ്മിറ്റി നടപ്പാക്കുന്ന ‘ബാല സൗഹൃദ ഭവനങ്ങള്‍’ പദ്ധതിയുടെ ഭാഗമായി ഭാഗമായാണ് അദാലത്ത് സംഘടിപ്പിച്ചത്. ഉച്ചക്കുളത്തേക്ക് കോളനി മാറ്റിയപ്പോൾ സ്കൂളും മാറ്റിയിരുന്നു.
തിരികെ നെടുങ്കയത്തേക്ക് കോളനി വരികയും സ്കൂൾ ഉച്ചക്കുളത്ത് തന്നെയാവുകയും ചെയ്തു. അഞ്ച് കിലോമീറ്റർ അകലെയുള്ള സ്കൂളുകളിലേക്ക് വന്യ ജീവികളുടെ ശല്യമുള്ള കാട്ടിലൂടെ കുട്ടികൾ നടന്നുപോയി പഠിക്കേണ്ടിവരുന്ന അവസ്ഥയാണെന്നും അതിനാൽ നെടുങ്കയത്തെ ബദൽ സ്കൂൾ എൽ.പി സ്കൂളാക്കണമെന്നുമാണ് കോളനി നിവാസികളുടെ ആവശ്യം.
പത്താം ക്ലാസ് പഠനം പൂർത്തിയാക്കി തുടർ വിദ്യാഭ്യാസത്തിന് പോകാത്ത നിരവധി കുട്ടികളുടെ തുടർപഠനം, പഠനത്തിനുശേഷമുള്ള പരിശീലനങ്ങളുടെ അഭാവം, രക്ഷിതാക്കളുടെ മദ്യപാന സ്വഭാവം മൂലമുള്ള പ്രശ്നങ്ങൾ എന്നിവ അദാലത്തിൽ ഉയർന്നുവന്നു. സുരക്ഷിതമല്ലാത്ത കുടുംബ സാഹചര്യങ്ങളിലുള്ള നാല് കുട്ടികളെ പഠന സൗകര്യാർഥം ശിശു സംരക്ഷണ സ്ഥാപനങ്ങളിലേക്ക് പുനരധിവസിപ്പിക്കാൻ ആവശ്യമായ നിർദേശങ്ങൾ ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകി.
അദാലത്തിൽ ഉയർന്നുവന്ന പ്രശ്നങ്ങളെ ക്കുറിച്ചുള്ള റിപ്പോർട്ട് ജില്ലാ കലക്ടർക്കും വിവിധ വകുപ്പുകളിലേക്കും നൽകുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. എ. സുരേഷ് പറഞ്ഞു.
ചെയർമാനെ കൂടാതെ അംഗങ്ങളായ അഡ്വ. രാജേഷ് പുതുക്കാട്, അഡ്വ. പി. ജാബിർ, സി. ഹേമലത, ജില്ല വനിത ശിശു വികസന ഓഫിസർ കെ.വി. ആശ മോൾ, ജില്ല ശിശു സംരക്ഷണ ഓഫിസർ സാജിത ആറ്റശ്ശേരി, ആദിവാസി കോളനി മൂപ്പൻ ശിവരാജൻ, ചൈൽഡ് ഹെൽപ് ലൈൻ കോ ഓഡിനേറ്റർ സി. ഫാരിസ, പ്രൊട്ടക്ഷൻ ഓഫിസർ എ.കെ. മുഹമ്മദ് സാലിഹ്, ലീഗൽ കം പ്രൊ ബേഷൻ ഓഫീസർ അഡ്വ. ഫവാസ്, ആതിര എന്നിവർ പങ്കെടുത്തു. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് ഇസാഫ് ഫൗണ്ടേഷന്റെ സഹായത്തോടെ കുട്ടികൾക്കായി സംഘടിപ്പിച്ച സപ്ത ദിന സഹവാസ ക്യാമ്പിന്റെ സമാപന ദിവസമായിരുന്നു അദാലത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.