കരുളായി: തെക്കേമുണ്ടയിൽ ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാനക്കൂട്ടം നിരവധി കാർഷിക വിളകൾ നശിപ്പിച്ചു. ശനിയാഴ്ച രാത്രി 11ന് ശേഷമാണ് ജനം തിങ്ങിപാർക്കുന്ന തെക്കേമുണ്ടയിൽ കാട്ടാനക്കൂട്ടമെത്തുന്നത്. കൃഷിയിടത്തിൽ പ്രവേശിച്ച കാട്ടാന വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചാണ് കാട്ടിലേക്ക് മടങ്ങിയത്.
കൃഷിക്ക് ചുറ്റുമുള്ള സംരക്ഷണ വേലി തകർത്താണ് കക്കോട്ടിൽ ശംസുദ്ദീന്റെ കൃഷിയിടത്തിൽ പ്രവേശിച്ചത്. 50ഓളം കുലച്ചതും കുല വരാനിരിക്കുന്നതുമായ വാഴകൾ, കവുങ്ങ്, തെങ്ങ് എന്നിവയാണ് നശിപ്പിച്ചത്. കൂടാതെ കൃഷിയിടം നനക്കാനായി സ്ഥാപിച്ച പൈപ്പുകൾ ആന ചവിട്ടിപൊട്ടിച്ചിട്ടുണ്ട്.
പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമാണെന്നും ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പ്രദേശവാസികൾ പറയുന്നു. വന്യമൃഗശല്യ പരിഹാരത്തിനായി പാലങ്കര പാലം മുതൽ മാനുപ്പൊട്ടി വരെ തൂക്ക് സോളാർ വേലി നിർമിക്കാൻ കിഫ്ബി ഫണ്ടിൽനിന്ന് 67 ലക്ഷത്തോളം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് അധികൃതർ പറയാൻ തുടങ്ങിയിട്ട് കാലങ്ങളായി. എന്നാൽ, ഇതേ വരെ പദ്ധതി നടപ്പാക്കാൻ യാതൊരുവിധ നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തിൽ ജനങ്ങൾക്കിടയിൽ പ്രതിഷേധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.