കരുളായി: നെടുങ്കയം കടവിൽ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവത്തിൽ പൂക്കോട്ടുംപാടം പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഐ.പി.സി സെക്ഷൻ 304 എ പ്രകാരം മനപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്. കുട്ടികളോടപ്പമെത്തിയ മൂന്ന് അധ്യാപകർ, നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ എന്നിവർ ക്കെതിരെയാണ് മനപൂർവമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തി കുറ്റപത്രം സമർപ്പിച്ചത്.
ഫെബ്രുവരി ഒമ്പതിന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. കൽപകഞ്ചേരി കല്ലിങ്ങൽപറമ്പ് എം.എസ്.എം.എച്ച് ഹൈസ്കൂളിൽ പഠിക്കുന്ന കുറുങ്കാട് കന്മനം പുത്തൻവളപ്പിൽ അബ്ദുൽ റഷീദ്-റസീന ദമ്പതികളുടെ മകളും ഒമ്പതാം ക്ലാസ് വിദ്യാർഥിയുമായ ആയിഷ റിദ, പുത്തനത്താണി ചെല്ലൂർ കുന്നത്ത് പീടിയേക്കൽ മുസ്തഫ - ആയിശ ദമ്പതികളുടെ മകളും ആറാം ക്ലാസ് വിദ്യാർഥിയുമായ ഫാത്തിമ മൊഹസിന എന്നിവരാണ് മരിച്ചത്.
സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പ്രകൃതി പഠന ക്യാമ്പിന്റെ ഭാഗമായാണ് 33 പെൺക്കുട്ടികൾ അടക്കം 49ഓളം കുട്ടികൾ വൈകീട്ട് നാലുമണിയോടെ നെടുങ്കയത്തെത്തിയത്. ആറുമണിയോടെ ഇരുട്ട് പരന്ന് തുടങ്ങിയ സമയത്താണ് അധ്യാപകരുടെയും ബീറ്റ് ഫോറസ്റ്റ് ഓഫിസറുടെയും നേതൃത്വത്തിൽ കുട്ടികൾ പുഴയിൽ കുളിക്കാനിറങ്ങിയത്. ഈ സമയത്താണ് നിരവധിപേർ അപകടത്തിൽപ്പെട്ട് മരണമടഞ്ഞ അതേ സ്ഥലത്ത് 13ഉം 11ഉം വയസ് പ്രായമായ രണ്ടുകുട്ടികളും അപകടത്തിൽപ്പെട്ട് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.