മലപ്പുറം: കാൽപ്പന്തിന്റെ താളമേളങ്ങൾക്ക് ഈ നാട്ടിൽ അധികം ഇടവേളകളില്ല. ഇതാ വീണ്ടുമൊരു ഫുട്ബാൾ മാമാങ്കം മലപ്പുറം മണ്ണിൽ പന്തുതട്ടാനൊരുങ്ങുന്നു. കേരള പ്രീമിയർ ലീഗ് (കെ.പി.എൽ) 2023 -24 സീസൺ മത്സരങ്ങൾക്കാണ് ശനിയാഴ്ച കോട്ടപ്പടി സ്റ്റേഡിയത്തിൽ തുടക്കമാവുന്നത്. ഗോകുലം കേരള എഫ്.സിയും കേരള യുനൈറ്റഡ് എഫ്.സിയും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകീട്ട് ഏഴിനാണ് കിക്കോഫ്. കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയമാണ് കെ.പി.എല്ലിന്റെ മറ്റൊരു വേദി. ഡിസംബർ ഒമ്പതിനാണ് കണ്ണൂരിലെ ആദ്യമത്സരം.
കഴിഞ്ഞ സീസണിൽനിന്ന് വ്യത്യസ്തമായി രണ്ട് ഗ്രൂപ്പുകളിലായി 20 ടീമുകളാണ് ഇത്തവണ കെ.പി.എൽ കിരീടത്തിനായി മത്സരിക്കുന്നത്. ഫൈനൽ ഉൾപ്പെടെ ആകെ 108 മത്സരങ്ങളുണ്ടാവും. രണ്ട് ഗ്രൂപ്പുകളായാണ് ഇത്തവണ മത്സരങ്ങൾ. ഓരോ ഗ്രൂപ്പിലും 10 ടീമുകൾ വീതം. സിംഗ്ൾ ലെഗ് ഫോർമാറ്റിലായിരിക്കും പ്രിലിമിനറി റൗണ്ട് മത്സരങ്ങൾ. ഓരോ ഗ്രൂപ്പിലെയും മികച്ച മൂന്ന് ടീമുകൾ സൂപ്പർ സിക്സിൽ പ്രവേശിക്കും.
സിംഗ്ൾ ലെഗ് മത്സരങ്ങൾക്കു ശേഷം മികച്ച നാല് ടീമുകൾ സെമിഫൈനലിൽ പ്രവേശിക്കും. തുടർന്ന് ഫൈനൽ. സെമിഫൈനലിലും ഇത്തവ സിംഗ്ൾ ലെഗ് ആയിട്ടായിരിക്കും മത്സരം. കെ.പി.എൽ ചാമ്പ്യന്മാരെ ഐ ലീഗിന്റെ മൂന്നാം ഡിവിഷനിലേക്ക് കെ.എഫ്.എ നോമിനേറ്റ് ചെയ്യും. 2024 ജനുവരിയോടെ ലീഗ് മത്സരങ്ങൾ പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് കെ.എഫ്.എ ഭാരവാഹികൾ പറഞ്ഞു.
കെ.പി.എൽ 11ാം സീസണിൽ 20 ടീമുകളാണ് പോരിനിറങ്ങുന്നത്. കെ.പി.എൽ യോഗ്യത റൗണ്ട് ജയിച്ചെത്തിയ ദേവഗിരി സെന്റ് ജോസഫ്സ് കോളജ്, ലൂക്ക സോക്കർ ക്ലബ്, കോർപറേറ്റ് എൻട്രിയിലൂടെ എത്തിയ എഫ്.സി കേരള എന്നിവയാണ് ഈ സീസണിലെ പുതിയ ടീമുകൾ. കോവളം എഫ്.സി, കേരള പൊലീസ്, കെ.എസ്.ഇ.ബി, ഗോൾഡൻഡ്സ് എഫ്.സി, കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി, എം.കെ സ്പോർട്ടിങ് ക്ലബ്, സാറ്റ് തിരൂർ, ബാസ്കോ ഒതുക്കുങ്ങൽ, ഗോകുലം കേരള എഫ്.സി, കേരള യുനൈറ്റഡ് എഫ്.സി, സായി-എൽ.എൻ.സി.പി.ഇ, പറപ്പുറം എഫ്.സി, മുത്തൂറ്റ് എഫ്.എ, എഫ്.സി അരീക്കോട്, റിയൽ മലബാർ എഫ്.സി കൊണ്ടോട്ടി, വയനാട് യുനൈറ്റഡ് എഫ്.സി, ലിഫ എന്നിവയാണ് ഈ സീസണിലെ മറ്റു ടീമുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.