കോട്ടക്കൽ: ആയുർവേദത്തിന്റെ സുഗന്ധം പരക്കുന്ന കോട്ടക്കലിന്റെ തിരുമുറ്റത്ത് മാനവികതയുടേയും സൗഹാർദപ്പെരുമയുടേയും തണലിൽ സംഗീത സാഗരമൊരുങ്ങിക്കഴിഞ്ഞു. മാധ്യമം ഹാർമോണിയസ് കേരളയുടെ ആദ്യ എഡിഷനെ ഇരുകൈയും നീട്ടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ആസ്വാദകർ. പാട്ടും ചിരിയും പറച്ചിലുമായി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ ആയുർവേദ കോളജ് മൈതാനത്ത് വിസ്മയങ്ങൾ തീർക്കും.
2400 ചതുരശ്രയടി വിസ്തീർണത്തിൽ തയാറായ വേദിയിൽ കലയുടെ വർണവിസ്മയങ്ങൾ ആസ്വാദകരെ ആവേശത്തിമിർപ്പിലാക്കും. കോളജ് കവാടം മുതൽ മൈതാനം വരെയുള്ള ഭാഗങ്ങൾ അതിഥികളടക്കമുള്ളവരെ വരവേൽക്കാൻ തയാറായിക്കഴിഞ്ഞു. ഒരുമയുടെ മഹോത്സവത്തിനൊരുങ്ങിയിരിക്കുകയാണ് കോട്ടക്കൽ ആയുർവേദ കോളജ് മൈതാനം.
ആയുർവേദത്തിന്റെ ഹരിതാഭയും തണുപ്പും ചേർന്ന ഹൃദ്യമായ കാമ്പസിൽ കേരളത്തിൽ ആദ്യമായെത്തുന്ന ഹാർമോണിയസ് കേരള, ചരിത്രം രചിക്കും. പച്ചപ്പിന്റെ വഴിഞ്ഞാരകൾ വെളിച്ചമണിഞ്ഞ് അതിഥികളെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങിയതോടെ കലാലയത്തിന് എന്തെന്നില്ലാത്ത മനോഹാരിത. തിങ്കളാഴ്ച രാത്രിയോടെ ആഘോഷവേദിയുടെ അവസാനമിനുക്കുപണികൾ പൂർത്തിയായി.
ലോകോത്തര നിലവാരത്തിലാണ് വേദി സജ്ജമാക്കിയിരിക്കുന്നത്. യുവ ഗായകക്കൂട്ടം കലയുടെ കോട്ട പൊളിച്ചെത്തുമ്പോൾ സ്വീകരിക്കാൻ പാരാവാരമുണ്ടാവും. പതിനായിരത്തിലേറെ പേർ പരിപാടിക്കായി എത്തുമെന്നാണ് കണക്ക്. ‘ഹാർമോണിയസ് കേരള’യിലൂടെ കോട്ടക്കൽ ഒരിക്കൽ കൂടി മലപ്പുറം പെരുമ അടിവരയിട്ടുറപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.