മലപ്പുറം: സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്ന ജില്ല തനതു പരിപാടികളുടെ ഭാഗമായി കുടുംബശ്രീ ജില്ല മിഷൻ അടിയന്തരഘട്ടത്തിൽ പ്രഥമശുശ്രൂഷ നൽകുന്ന ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം നൽകി.
ജില്ലയിലെ ഒരു കുടുംബത്തിലെ ഒരാൾക്കെങ്കിലും പ്രഥമശുശ്രൂഷയിൽ അറിവ് നൽകി അടിയന്തരഘട്ടങ്ങളിൽ പ്രവർത്തിക്കാൻ ആദ്യഘട്ടം 300 മാസ്റ്റർ ട്രെയിനികളെ തിരഞ്ഞെടുത്ത് അഞ്ച് ബാച്ചിലായി പരിശീലനം നൽകുന്നത്. രണ്ടാം ഘട്ടം മാസ്റ്റർ ട്രെയിനികളുടെ സഹായത്തോടെ 30,000 വളന്റിയർമാർക്ക് പരിശീലനം നൽകും.
പരിശീലനം ലഭിച്ച വളന്റിയർമാർ കുടുംബശ്രീ ഹെൽത്ത് ബ്രിഗേഡ് എന്ന ടീമായി പ്രവർത്തിക്കും. ഏത് അടിയന്തര സാഹചര്യവും കൈകാര്യം ചെയ്യാനുള്ള കഴിവുകൾ മെച്ചപ്പെടുത്തുന്നതിന് ആരോഗ്യ ബ്രിഗേഡിന് ആനുകാലിക പരിശീലനം നൽകും. എഫ്.എൻ.എച്ച്.ഡബ്ല്യു പ്രോഗ്രാം എം.ഇ.എസ് മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗവുമായി യോജിച്ചാണ് പരിശീലനം നടത്തുന്നത്. കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ ജനറൽ മാനേജർ ഡോ. ഷിബു ലാൽ ഉദ്ഘാടനം ചെയ്തു. ഡോ. മുബാറക് സാനി അധ്യക്ഷത വഹിച്ചു.
ജില്ല മിഷൻ കോഓഡിനേറ്റർ ജാഫർ കക്കൂത്ത്, ഡോ. അശ്വിൻ രാജ്, ഡോ. നാരായണൻ നമ്പൂതിരി, കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജർ റൂബിരാജ് എന്നിവർ സംസാരിച്ചു. കൊണ്ടോട്ടി, വേങ്ങര, മലപ്പുറം ബ്ലോക്ക് പഞ്ചായത്തുകളിലുള്ള കുടുംബശ്രീ അംഗങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.