പെരിന്തൽമണ്ണ: രൂക്ഷമായ ഗതാഗതക്കുരുക്കനുഭവിക്കുന്ന പെരിന്തൽമണ്ണ ടൗണിൽ ട്രാഫിക് ജങ്ഷൻ വിപുലീകരിക്കുന്ന പദ്ധതിക്ക് കിഫ്ബി ബോർഡ് അംഗീകാരം. 57.78 കോടി രൂപ മതിപ്പു ചെലവ് കണക്കാക്കുന്ന പദ്ധതിക്കാണ് ബോർഡ് അംഗീകാരം. ഇത് സർക്കാറും ധനവകുപ്പും അംഗീകരിച്ചാൽ മാത്രമേ പദ്ധതി യാഥാർഥ്യമാവുകയുള്ളൂ.
കിഫ്ബി എൻജിനീയറിങ് വിഭാഗം ഒരു വർഷം മുമ്പ് പെരിന്തൽമണ്ണയിൽ എത്തി പരിശോധന നടത്തിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ ഗതാഗത സൗകര്യം വർധിപ്പിക്കുകയും സൗന്ദര്യവത്കരണം നടപ്പാക്കുകയും ചെയ്യുന്നതിനാണ് കിഫ്ബി തയാറാക്കിയ പദ്ധതി. ബോർഡ് അംഗീകരിച്ചാലും സർക്കറിന്റെ അംഗീകാരവും അനുമതിയും പ്രധാനമാണ്.
കോഴിക്കോട്-പാലക്കാട് ദേശീയ പാതയും നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയും പെരിന്തൽമണ്ണയിലാണ് സന്ധിച്ച് കടന്നുപോവുന്നത്. 2007 ലാണ് ഇതിനു മുമ്പ് പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷൻ കൂടുതൽ സ്ഥലമെടുത്ത് വിപുലീകരിച്ചത്. അന്നത്തെ എം.എൽ.എ വി.ശശികുമാർ മുൻകൈയെടുത്ത് ജില്ല കലകട്റുടെ നേരിട്ടുള്ള പരിശോധനയിലും നടപടിയിലുമായിരുന്നു ആ പദ്ധതി. വാഹനപ്പെരുപ്പവും ഗതാഗതക്കുരുക്കും ആശുപത്രി നഗരത്തെ കൂടുതൽ വീർപ്പുമുട്ടിക്കുകയാണിപ്പോൾ. കൂടുതൽ ഭൂമി കണ്ടെത്തി ട്രാഫിക് ജങ്ഷൻ വിപുലപ്പെടുത്തുന്നത് ആശ്വാസകരമാവും.
സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട 20 നഗരങ്ങളിൽ ഇത്തരം പദ്ധതി നടപ്പാക്കുന്നുണ്ട്. നഗരവളർച്ചയുടെ തോത് അവലംബമാക്കിയാണ് പദ്ധതിക്ക് പ്രദേശങ്ങളെ കണ്ടെത്തിയത്.
മലപ്പുറം, പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രദേശവും വലിയ സ്വകാര്യ ആശുപത്രികളും അവയോടനുബന്ധിച്ച് ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന പ്രദേശമാണ് പെരിന്തൽമണ്ണ. ട്രാഫിക് ജങ്ഷൻ വിപുലീകരിക്കാൻ കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടി വരും.
നാലു റോഡുകളിലും ഡിവൈഡർ സ്ഥാപിച്ച് ഗതാഗതം സുഗമമാക്കാൻ റോഡിന് വീതിയില്ലാത്തതാണ് നിലവിൽ തടസ്സം. നജീബ് കാന്തപുരം എം.എൽ.എ നിരന്തരം ആവശ്യപ്പെട്ടത് പ്രകാരമാണ് പദ്ധതിക്ക് പെരിന്തൽമണ്ണ നഗരത്തെയും പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.