മലപ്പുറം: എൽ.പി സ്കൂൾ അധ്യാപക നിയമനത്തിനായുള്ള പി.എസ്.സി ചുരുക്കപ്പട്ടികയിലെ അസമത്വവും അസംതുലിതാവസ്ഥയും പരിഹരിക്കണമെന്നാവശ്യപ്പെട്ട്, മലപ്പുറം ജില്ലയിൽ പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾ അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക്.
ഇതിെൻറ സൂചനയായി വെള്ളിയാഴ്ച വൈകീട്ട് ആറിന് മലപ്പുറത്ത് പന്തംകൊളുത്തി പ്രതിഷേധ റാലി സംഘടിപ്പിക്കും. അടുത്തയാഴ്ച ജില്ല പി.എസ്.സി ഓഫിസിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും.
പി.എസ്.സി നിഷ്കർഷിക്കുന്ന മാനദണ്ഡപ്രകാരം പട്ടിക വിപുലീകരിക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, മറ്റു മന്ത്രിമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയപ്പാർട്ടി നേതാക്കൾ തുടങ്ങിയവരെ നേരിൽ കണ്ട് പരാതി ബോധിപ്പിച്ചിരുന്നതായും നടപടിയുണ്ടായില്ലെന്നും ഉദ്യോഗാർഥികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
592 ആണ് നിലവിൽ മലപ്പുറത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്ന എൽ.പി.എസ്.ടി ഒഴിവുകൾ. മുൻ ലിസ്റ്റിൽ 188 ഒഴിവുകൾ മാത്രം റിപ്പോർട്ട് ചെയ്തപ്പോൾ അഞ്ചിരട്ടിയിലധികം ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി 983 പേരുടെ മുഖ്യപട്ടിക പ്രസിദ്ധീകരിച്ചിരുന്നു.
റിപ്പോർട്ട് ചെയ്ത ഒഴിവിെൻറയോ (592) മുൻ റാങ്ക് പട്ടികയിൽനിന്ന് നടത്തിയ നിയമന ശിപാർശകളുടെയോ (1181), ഇതിൽ ഏതാണ് വലുതെങ്കിൽ അതിെൻറ മൂന്നിരട്ടി മുതൽ അഞ്ചിരട്ടിവരെ പേർ പട്ടികയിലുണ്ടാവണമെന്നാണ് മാനദണ്ഡം. ഇതുപ്രകാരം 3543 പേരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി മലപ്പുറം ജില്ലയിലെ അധ്യാപക ക്ഷാമം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിക്കുമെന്നും ഉദ്യോഗാർഥികൾ വ്യക്തമാക്കി.
രേഖ രതീഷ്, ദിവ്യ ജിതേഷ്, ഷബീർ അൻസാരി എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.