മലപ്പുറം: മഴ വീണ്ടും ശക്തമായതോടെ ആശുപത്രികളിൽ പനിബാധിതരെ കൊണ്ട് നിറയുന്നു. ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് പ്രതിദിനം ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം 2100 കടന്നു. ഈ മാസം 18 മുതൽ സർക്കാർ ആശുപത്രികളിൽ 2000നു മുകളിൽ രോഗികൾ ചികിത്സതേടിയെത്തുന്നുണ്ടെന്നാണ് കണക്ക്.
18ന് 2036 പേരാണ് വിവിധ ആശുപത്രി ഒ.പികളിലെത്തിയത്. 18 പേരെ അഡ്മിറ്റ് ചെയ്തു. 15 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെയും ആശുപ്രതി സന്ദർശിച്ചു. ഇതിൽ രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. 19ന് 2175 പേരാണ് ഒ.പിയിലെത്തിയത്. 33 പേരെ അഡ്മിറ്റ് ചെയ്തു.
ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 15 പേരാണ് ആശുപത്രിയിലെത്തിയത്. 20ന് 2143 പനി ബാധിതർ ഒ.പിയിലെത്തി. 21 പേരെ അഡ്മിറ്റ് ചെയ്തു. ഡെങ്കി ലക്ഷണങ്ങളുള്ള 19 പേരിൽ നാലുപേർക്ക് രോഗം സ്ഥിരീകരിച്ചു. 21ന് 2084 പേർ ഒ.പിയിൽ ചികിത്സ തേടി. 37 പേരെ അഡ്മിറ്റ് ചെയ്തു. 15 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തി. 16 പേർക്കാണ് സ്ഥിരീകരിച്ചത്. നാലുപേർക്ക് എച്ച്-1 എൻ-1 രോഗവും സ്ഥിരീകരിച്ചു.
പനി ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ മതിയായ ഡോക്ടർമാർ ഇല്ലാത്തത് ദുരിതം ഇരട്ടിക്കുന്നു. പല സർക്കാർ ആശുപത്രികളിലും അടിസ്ഥാന സൗകര്യ വികസനം കടലാസിൽ മാത്രമായി ഒതുങ്ങുമ്പോൾ സ്വകാര്യ ആശുപത്രികളെ തേടി പോകേണ്ട അവസ്ഥയിലാണ് രോഗികൾ. ചിലയിടങ്ങളിൽ ഡോക്ടർമാർക്ക് പുറമെ മതിയായ നഴ്സുമാരോ ഫാർമസിസ്റ്റുകളോ ലാബ് ടെക്നീഷ്യൻമാരോ ഇല്ലാത്ത സ്ഥിതിയുമുണ്ട്. നിലവിലെ ജീവനക്കാർ അധികസമയം ജോലിയെടുക്കേണ്ട സ്ഥിതിയാണ്. ഡോക്ടർമാരെ കാണാനും മരുന്ന് വാങ്ങാനും ദീർഘനേരം കാത്തുനിൽക്കേണ്ടി വരുന്നത് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.